ഹോം » സംസ്കൃതി » 

മതകലഹങ്ങള്‍ക്ക്‌ പരിഹാരം

July 15, 2011

മതമെന്നാല്‍ അഭിപ്രായമെന്നേ അര്‍ത്ഥമുള്ളൂ. ഏവര്‍ക്കും സ്വീകാര്യമായ, ഭേദചിന്തയില്ലാത്ത നന്മയും സദ്ഭാവനയുമുള്ള, എല്ലാറ്റിനുമുപരി ദൈവീകതയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ജീവിതചര്യ. ആന്തരിക-ബാഹ്യ പ്രകൃതിയുമായി സൂക്ഷ്മവും സുതാര്യവുമായ ഒരു വിനിമയം സാദ്ധ്യമാകുന്നവര്‍ക്കു മാത്രമേ മതകലഹങ്ങളില്‍നിന്നും മനുഷ്യകുലത്തെ രക്ഷിക്കുവാന്‍ കഴിയൂ.
സൂക്ഷ്മം എന്താണന്നറിഞ്ഞവന്‌ മതം പ്രമാണമാകുന്നില്ല. മറിച്ച്‌ മതത്തിന്‌ അവന്‍ പ്രമാണമായി മാറുന്നു. ഇങ്ങനെ ജീവിതത്തിന്റെ പ്രാമാണികതയില്‍ എത്തിയവരായിരുന്നു ഹിന്ദുആചാര്യന്മാര്‍.മതാതീതമായ ആത്മീയതയില്‍ വിടര്‍ന്ന ഇത്തരം സുഗന്ധകുസുമങ്ങളായിരുന്നു ഈ ഭൂമിയെ എല്ലായ്പ്പോഴും സമ്പന്നമാക്കിയിരുന്നത്‌. ആദ്യകാലഘട്ടങ്ങളില്‍ ഉടലെടുത്ത വ്യത്യസ്ത മതങ്ങളും അവയുടെ പ്രായോജകരും ഭൂമിയുടെ എല്ലാ ഭാഗത്തുനിന്നും മനുഷ്യകുലത്തെ സത്യബോധമുള്ളവരാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പല നദികള്‍ ഭൂമിയുടെ പല ഭാഗത്തുനിന്നും ഉദ്ഭവിച്ച്‌ സമുദ്രത്തില്‍ ലയിച്ചുചേരുന്നതുപോലെയായിരുന്നു ഇത്‌. നെയിലും, ഗംഗയും, യമുനയുമെല്ലാം വ്യത്യസ്ത കൈവഴികളിലൂടെ സമുദ്രമെന്ന പൊതുകേന്ദ്രത്തില്‍ ലയിച്ചുചേരുമ്പോള്‍ എന്താണ്‌ സംഭവിക്കുക. എല്ലാ വൈവിദ്ധ്യങ്ങളുടെയും ഏകകമായി മഹാസമുദ്രം മാത്രം ശാന്തമായി നിലകൊള്ളുന്നു.
ഈ ഏകസത്യത്തെ തിരിച്ചറിയാതെ എന്റെ രാജ്യത്തെ നദി മാത്രമാണ്‌ ശുദ്ധവും ദൈവനിര്‍മ്മിതവുമെന്നും, മറ്റുള്ളവയെല്ലാം ഹീനവും അശുദ്ധവുമെന്നും പറയുന്നവരെ ബുദ്ധിസ്ഥിരതയില്ലാത്തവര്‍ എന്നുവിളിക്കേണ്ടിവരും. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്നുമാണ്‌ ഈ സമൂഹം, മതങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ വിഭജിതമായത്‌. ശാശ്വതമായ സത്യം എന്തെന്ന്‌ തിരിച്ചറിയാനുള്ള കാഴ്ചയും കാര്യഗ്രഹണശേഷിയും ഇവര്‍ക്കില്ലാതെപോയി. ഇന്ന്‌ ദൈവത്തിന്റെ ഇടനിലക്കാരായവര്‍ മതപ്രചാരകരല്ല, ‘മദ’പ്രചാരകരാണ്‌. ഇവര്‍ക്ക്‌ ബുദ്ധിയുണ്ട്‌. പക്ഷേ, ബോധമില്ല. ധനമുണ്ടായിട്ടും ദാനംചെയ്യുന്നില്ല. ആവശ്യത്തിനേക്കാള്‍ അനാവശ്യത്തിന്‌ പ്രാധാന്യംകൊടുക്കുന്നു. ഭിന്നമതങ്ങളോട്‌ അസഹിഷ്ണുതയും അക്രമോത്സുകതയും പ്രചരിപ്പിക്കുന്നു. എല്ലാ മതങ്ങളുടേയും കാതലായ കാഴ്ചപ്പാട്‌ ഒന്നുതന്നെയാണ്‌. സ്നേഹവും കരുണയും സാഹോദര്യവും. എന്നാല്‍ ഇന്ന്‌ ആത്മീയതയ്ക്ക്‌ ഈ വിശുദ്ധികള്‍ പാടേ നഷ്ടമായിരിക്കുന്നു. ആത്മീയത കമ്പോളവത്ക്കരിക്കപ്പെടുകയും ആശയങ്ങള്‍ മലിനമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവയെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ ആരും തയ്യാറാകുന്നില്ല. തന്റെ സന്ദേശം തന്റെ ജീവിതമായി മാറുമ്പോഴാണ്‌ ഒരുവന്‍ തന്നോടുതന്നെ സത്യസന്ധനാകുന്നത്‌. അപ്പോള്‍ മാത്രമാണ്‌ പ്രവാചകന്മാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്‌.
‘മച്ചിലിരിക്കുന്ന പല്ലി വിചാരിക്കുന്നു താനാണീ മച്ചിനെ താങ്ങിനിര്‍ത്തുന്നതെന്ന്‌. അതുപോലെയാണ്‌ പലരുടേയും ധാരണ’. ഇതിന്റെ പേരിലാണ്‌ ഓരോ യുദ്ധങ്ങളും ഇന്നിവിടെ അരങ്ങേറുന്നത്‌. എല്ലാ യുദ്ധങ്ങളും നീചമായ പ്രവര്‍ത്തികളും ഇല്ലാതാകുവാന്‍ മനുഷ്യന്‍ ഒന്നേ ചെയ്യേണ്ടതുള്ളൂ. എല്ലാ മതങ്ങളുടെയും പരമമായ ലക്ഷ്യത്തെ അറിയുക. തന്റെ ആത്മസത്തയിലേക്ക്‌ സ്വയം തിരിയുക. അപ്പോള്‍ മാത്രമേ നമുക്ക്‌ പ്രകാശംനിറഞ്ഞ ദൈവീകതയിലേക്ക്‌ എത്തിച്ചേരാനാവുകയുള്ളൂ. പക്ഷികള്‍ പാടുകയും, പൂക്കള്‍ വിടരുകയും ചെയ്യുന്ന സുന്ദരമായ പ്രഭാതത്തെ സ്വാഗതംചെയ്യാനാവൂ. ഇതിന്‌ സ്വയം ജ്വലിക്കുന്ന സൂര്യന്മാരായി നാം ഓരോരുത്തരും മാറണം. അതിനാവശ്യമായ ഉത്തമഗുണങ്ങളുള്ള മാര്‍ഗ്ഗദര്‍ശികളെ ലഭിക്കണം. ‘യഥാ രാജാ തഥാ പ്രജ’. ഭൗതികലോകത്ത്‌ സൂര്യനോളം ഉത്തമനായ പ്രത്യക്ഷ മാര്‍ഗ്ഗദര്‍ശിയില്ല. സൂര്യപ്രകാശം നേത്രങ്ങളിലൂടെ ഉപബോധമനസ്സിലേക്ക്‌ പ്രവേശിക്കുന്ന പ്രകൃതിസാധനയിലൂടെ മാത്രമേ ആന്തരിക സൗഖ്യവും സമാധാനവും ഭൂമിയില്‍ സംജാതമാവുകയുള്ളൂ. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല. നമുക്കൊരു സൂര്യന്‍, നമുക്കൊരു ഭൂമി, നമുക്കൊരു ലക്ഷ്യം – പ്രകൃതി സ്നേഹം.

Related News from Archive
Editor's Pick