ഹോം » സംസ്കൃതി » 

ഗീതാസന്ദേശങ്ങളിലൂടെ..

June 18, 2011

ജീവാത്മാവ്‌ വധിക്കപ്പെടുന്നുമില്ല ആരേയും വധിക്കുന്നുമില്ല. അതൊരിക്കലും ഇല്ലാതിരുന്നിട്ടുമില്ല ഇനിയില്ലാതിരിക്കുകയുമില്ല. ജനനമരണങ്ങള്‍ക്കതീതമായ ആത്മാവിനെക്കുറിച്ച്‌ ദുഃഖിക്കേണ്ടകാര്യവുമില്ല. ദുഃഖിച്ചതുകൊണ്ട്‌ പ്രയോജനവുമില്ല. ജനനമരണങ്ങള്‍ക്കതീതമായ ഒന്നിനെക്കുറിച്ച്‌ ചിന്തിച്ചുവേവലാതിപ്പെടുന്നത്‌ സമയനഷ്ടവും ഊര്‍ജ്ജനഷ്ടവുമാണെന്നറിയുക. മുഷിഞ്ഞതും ജീര്‍ണിച്ചതുമായ വസ്ത്രങ്ങളുപേക്ഷിച്ച്‌ നമ്മള്‍ നല്ല വസ്ത്രങ്ങളുടുക്കുന്നതുപോലെ മാത്രമാണ്‌ ജീര്‍ണിച്ച ശരീരത്തെയുപേക്ഷിച്ച്‌ ആത്മാവ്‌ പുതിയശരീരത്തെ തെരഞ്ഞെടുക്കുന്നത്‌. ആത്മാവിനെ ആയുധമോ അഗ്നിയോ ജലമോ വായുവോ നശിപ്പിക്കില്ല. അത്‌ നിത്യവും അചഞ്ചലവും എല്ലാത്തിലും എക്കാലവും നിലനില്‍ക്കുന്നതുമാണ്‌. പരിമിതമായ അക്ഷരങ്ങളുള്ള ഭാഷാപ്രയോഗത്തിലൂടെ ആത്മാവിനെക്കുറിച്ച്‌ എങ്ങിനെയെല്ലാം വിവരിച്ചാലും ആത്മാവിനെക്കുറിച്ചുള്ള വിവരണം അപൂര്‍ണമായിരിക്കും.
ആത്മാവ്‌ എന്ന പ്രതിഭാസം അവ്യക്തമാണ്‌, ചിന്താതീതമാണ്‌, വികാരാതീതമാണ്‌, ചിലര്‍ ധരിക്കുന്നു ആത്മാവിനും ജനനമരണമുണ്ടെന്ന്‌. ഇനി അപ്രകാരം ധരിക്കുന്നുവെങ്കില്‍ പോലും ഒരു വസ്തുത സത്യമാണ്‌. ജനിച്ചതിനെല്ലാം മരണമുണ്ട്‌, മരിച്ചതിലെ ആത്മാവ്‌ പുനര്‍ജനിക്കുകയും ചെയ്യുന്നതിനാല്‍ ജനനമരണത്തെക്കുറിച്ച്‌ ദുഃഖിക്കേണ്ടയാവശ്യമേയില്ല.
ജീവിതമെന്നതുതന്നെ അത്ഭുതകരമായ ഒരു പ്രതിഭാസമാണ്‌. ജനനത്തിന്‌ മുമ്പുള്ള അവസ്ഥയും മരണത്തിന്‌ ശേഷമുള്ള അവസ്ഥയും അവ്യക്തമാണ്‌. ജനനമരണങ്ങള്‍ക്കിടക്കുള്ള ജീവിതകാലത്തിലെ ഓരോ ബിന്ദുവും വിശകലനം ചെയ്താല്‍ നമ്മുടെ ജീവിതം എന്ന പ്രതിഭാസം എത്ര അത്ഭുതകരമാണെന്ന്‌ ബോധ്യമാകും. ജീവിതത്തെക്കുറിച്ച്‌ ചിലര്‍ അത്ഭുതത്തോടെ വിവരിക്കുന്നു. ചിലര്‍ അത്ഭുതത്തോടെ അത്‌ കേള്‍ക്കുന്നു.ചിലര്‍ അത്ഭുതത്തോടെ ജീവിതത്തെനോക്കിക്കാണുന്നു. ഈ മൂന്നുവിഭാഗത്തില്‍പ്പെടുന്നവരും ജീവിതയാഥാര്‍ത്ഥ്യമെന്താണെന്നു വ്യക്തമായും സത്യസന്ധമായും വസ്തുതാപരമായും അറിയുന്നില്ല. അന്ധന്‍ അന്ധനെ നയിക്കുന്നതുപോലെ പലരും കണ്ടതും കേട്ടതും അനുഭവിച്ചതും പരിമിതമായ അക്ഷരങ്ങളും വാക്കുകളുമുള്ള ഭാഷയുപയോഗിച്ച്‌ ഭാഗികമായി മാത്രമറിവുള്ളവന്‌ വിവരിക്കുന്നതല്ലേ ഇതെല്ലാം.

Related News from Archive

Editor's Pick