ഇടുക്കി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ വനവാസി പെണ്‍കുട്ടിയെ പൊള്ളലേറ്റ് ഗുരുതര സ്ഥിതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാങ്കുളം വനവാസി കുടിയില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം.
തന്റെ ദേഹത്തേക്ക് ആരോ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്. ശരീരത്തില്‍ അറുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. സഹോദരിക്കൊപ്പം വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ തന്നെ ആരോ പൊള്ളലേല്‍പ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം നടക്കുന്ന സമയം കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും വല്ല്യമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കുട്ടിയില്‍ നിന്ന് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി.
മൂന്നാര്‍ എസ്.ഐ കെ. ആര് സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി ഇന്ന് തെളിവ് ശേഖരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: