ഹോം » ലോകം » 

ഉത്തര കൊറിയയെ സഹായിക്കുന്നത് പാക്കിസ്ഥാന്‍: ഇന്ത്യ

പ്രിന്റ്‌ എഡിഷന്‍  ·  September 20, 2017

ന്യൂയോര്‍ക്ക്: ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഉത്തര കൊറിയയെ സഹായിക്കുന്നത് പാക്കിസ്ഥാനെന്ന പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശ മന്ത്രി സുഷമ സ്വരാജ്. യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ സുഷമ, ഉത്തര കൊറിയയെ സഹായിച്ചവരെക്കുറിച്ച് പറഞ്ഞാണ് പാക്കിസ്ഥാനെ കടന്നാക്രമിച്ചത്.

അടുത്ത കാലത്ത് ഉത്തര കൊറിയ നടത്തുന്ന ആണവായുധ പരീക്ഷണങ്ങളെ മന്ത്രി ശക്തമായി അപലപിച്ചു. ഉത്തര കൊറിയയുടെ ആണവായുധ പദ്ധതികള്‍ക്കു പിന്നിലെ ബന്ധം പുറത്തു കൊണ്ടുവരണമെന്ന് രാജ്യാന്തര സമൂഹത്തോട് അവര്‍ ആവശ്യപ്പെട്ടു.

കൊറിയയുടെ പദ്ധതികള്‍ക്കു സഹായമൊരുക്കുന്നവരെയും അവര്‍ക്ക് സാങ്കേതികവിദ്യകള്‍ കൈമാറിയവരെയും വെളിച്ചത്തു കൊണ്ടുവരണം, സുഷമ അഭിപ്രായപ്പെട്ടതായി വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

രാജ്യാന്തര തലത്തില്‍ ചലനങ്ങളുണ്ടാക്കും സുഷമയുടെ പ്രസ്താവന. ഇറാന്‍, ഉത്തര കൊറിയ, ലിബിയ രാജ്യങ്ങള്‍ക്ക് ആണവായുധ നിര്‍മാണ സാങ്കേതികവിദ്യകള്‍ കൈമാറിയെന്ന് പാക്ക് ആണവ പദ്ധതിയുടെ പിതാവെന്നറിയപ്പെടുന്ന അബ്ദുള്‍ ഖാദീര്‍ ഖാന്‍ 2004ല്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വീണ്ടും രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാക്കാന്‍ കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ തുണയ്ക്കും.

അതേസമയം, ഖാദീര്‍ മാത്രമല്ല പാക് രാഷ്ട്രീയ- സൈനിക നേതൃത്വത്തിലെ ഭൂരിഭാഗത്തിനും ഇത് അറിയാമായിരുന്നുവെന്ന് പാക്കിസ്ഥാനി ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്‍ പര്‍വേസ് ബൂദ്‌ഭോയ് പറഞ്ഞു. ഈ മാസമാദ്യം ഒരു ജര്‍മന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Related News from Archive
Editor's Pick