വിജയദശമി ദിനത്തില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവധി നിഷേധിച്ച് യോഗം

Tuesday 19 September 2017 10:58 pm IST

തിരുവനന്തപുരം: മക്കള്‍ വിദ്യാരംഭം കുറിക്കുമ്പോള്‍, അത് കാണാന്‍ ഭാഗ്യമില്ലാതെ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍. വിജയദശമി ദിനത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ എന്‍ജിനീയര്‍മാര്‍ക്കുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മന്ത്രി യോഗം വിളിച്ചിരിക്കുകയാണ്. പൊതുഅവധിദിവസമായ അന്നത്തെ യോഗം മാറ്റിവയ്ക്കണമെന്നും മക്കളുടെ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നും എന്‍ജിനീയര്‍മാര്‍ പറഞ്ഞിരുന്നു. മക്കള്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ അച്ഛന്‍ അരികിലെന്തിനെന്ന മറുചോദ്യമാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ചോദിക്കുന്നത്. മുഹറവും ഇതേ ദിവസമാണ്. മുസ്ലിം മതസ്ഥരായ എഞ്ചിനീയര്‍മാര്‍ക്ക് ഈദിവസം നിയന്ത്രിത അവധി നല്‍കുന്നതില്‍ തെറ്റില്ലെന്ന നിര്‍ദ്ദേശം വകുപ്പ് തലവന്‍മാര്‍ക്ക് നല്‍കിയിട്ടുമുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എഇമാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന ഭീഷണിയുമുണ്ട്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പില്‍ 1300ല്‍ പരം എന്‍ജിനീയര്‍മാരാണുള്ളത്. ഇവരില്‍ 900 പേര്‍ യുവാക്കളായ അസി. എഞ്ചിനീയര്‍മാരാണ്; പലരും ഹിന്ദുമത വിശ്വാസികളും. ഇക്കൊല്ലം മക്കളെ എഴുത്തിനിരുത്താന്‍ കാത്തിരുന്നവരുമാണ്. വിദ്യാരംഭ ചടങ്ങുകള്‍ ഒഴിവാക്കി യോഗത്തില്‍ എത്താനാകില്ലെന്ന് അറിയിച്ച ചില ഉദ്യോഗസ്ഥരോട് കസേര തെറിപ്പിക്കുമെന്ന ഭീഷണിയാണ് ഉണ്ടായത്. പുലര്‍ച്ചെ കുട്ടികളെ എഴുത്തിനിരുത്തിയിട്ട് പത്തിന് യോഗം ആരംഭിക്കുമ്പോള്‍ എത്തിക്കൂടേ എന്നാണ് ചില വകുപ്പ് തലവന്മാരുടെ ചോദ്യം. കാസര്‍കോട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി തുടങ്ങി വിദൂരജില്ലകളില്‍ നിന്ന് അതിരാവിലെ വിദ്യാരംഭ ചടങ്ങുകള്‍ തീര്‍ത്ത് തലസ്ഥാനത്ത് എത്തുക അസാധ്യമാണെന്ന് പലരും അറിയച്ചു കഴിഞ്ഞു.