ഹോം » കേരളം » 

സംരക്ഷണഭിത്തി ഇടിഞ്ഞുവീണു; കടകള്‍ അണക്കെട്ടില്‍ പതിച്ചു

വെബ് ഡെസ്‌ക്
September 20, 2017

അടിമാലി: ദേശീയപാതയോരത്തു മണ്ണിടിഞ്ഞ് രണ്ട് കടകളും സംരക്ഷണഭിത്തിയും കല്ലാര്‍കുട്ടി അണക്കെട്ടിലേയ്ക്ക് പതിച്ചു. ആളപായമില്ലെങ്കിലും സ്ഥലത്ത് അപകട സാധ്യത തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കാണ് അടിമാലി-കുമളി 185 ദേശീയപാതയോരം ഇടിഞ്ഞു വീണത്. പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന കമ്പിളിക്കണ്ടം വാഴയില്‍ ശശിയുടെ ബേക്കറിയും വാഴേപ്പറമ്പില്‍ സ്‌കറിയയുടെ ബങ്ക് ഷോപ്പുമാണ് അണക്കെട്ടില്‍ പതിച്ചത്.

കടയിലെ സാധന സാമഗ്രികള്‍ മുന്‍കരുതലായി മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. അണക്കെട്ടിനോട് ചേര്‍ന്നുള്ള ദേശീയപാതയുടെ ഫില്ലിംഗ് സൈഡില്‍ തിങ്കളാഴ്ച വിള്ളല്‍ കണ്ടിരുന്നു. നാട്ടുകാര്‍ വിള്ളല്‍ അടയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നലെ രാവിലെ വിള്ളല്‍ വര്‍ധിച്ചതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പോലീസും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പന്ത്രണ്ടു മണിയോടെ റോഡുവക്കിലെ പഴയ െവെദ്യുതി പോസ്റ്റ് അടക്കം സംരക്ഷണഭിത്തി അണക്കെട്ടിലേക്ക് ഇടിഞ്ഞു വീണു. പിന്നാലെ കടകളും താഴേക്കു പതിച്ചു. ഇടിഞ്ഞ കെട്ടിടങ്ങളോട് ചേര്‍ന്ന് മെഡിക്കല്‍ ഷോപ്പ് അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ഥലത്തു ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, റോഷി അഗസ്റ്റില്‍, തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കടകള്‍ തുറക്കരുതെന്ന് ഇന്നലെ രാത്രിയോടെ അറിയിപ്പ് നല്‍കി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ മാറ്റി.

കഴിഞ്ഞ ദിവസവും കല്ലാര്‍കുട്ടി ടൗണിനു സമീപം ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടിരുന്നു.കല്ലാര്‍കുട്ടി ടൗണില്‍ മണ്ണിടിച്ചില്‍ വ്യാപകമാണ്. ഏതാനും വര്‍ഷം മുന്‍പ് ഇതേ ഭാഗത്തു തന്നെ സമാന രീതിയില്‍ അണക്കെട്ടിലേക്ക് മണ്ണിടിഞ്ഞിരുന്നു.

നാളുകള്‍ക്ക് ശേഷമാണ് ഇവ കോണ്‍ക്രീറ്റ് ചെയ്ത് ബലവത്താക്കിയത്. അടിമാലിയില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ ദേശീയപാതയിലൂടെ ഇടുക്കിയിലേക്കും രാജാക്കാട് ഭാഗത്തേക്കും തിരിയുന്നത് ഇവിടുന്നാണ്.

കല്ലാര്‍കുട്ടി ടൗണില്‍ കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്കു സംരക്ഷണം നല്‍കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1977 മുതല്‍ കല്ലാര്‍കുട്ടിയിലുള്ള വ്യാപാരികളെ സമീപത്തുള്ള െവെദ്യുതി വകുപ്പിന്റെ അരയേക്കര്‍ സ്ഥലം ഏറ്റെടുത്ത് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാന്‍ നേരത്തെ തന്നെ ഉത്തരവായിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick