ഹോം » ഭാരതം » 

രാജസ്ഥാനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് തലച്ചോറിന് ക്ഷതം

വെബ് ഡെസ്‌ക്
September 20, 2017

ജയ്പൂര്‍: രാജസ്ഥാനില്‍ അധ്യാപകനും സ്‌കൂള്‍ ഡയറക്ടറും ചേര്‍ന്ന് ബലംത്സംഗം ചെയ്ത പെണ്‍കുട്ടിക്ക് തലച്ചോറിന് ക്ഷതം സംഭവിച്ചു. രാജസ്ഥാനിലെ സികര്‍ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

സംഭവത്തില്‍ ജനത ബാല്‍ സികേതന്‍ സ്‌കൂളിലെ അധ്യാപകന്‍ ജഗദീഷ്, ഡയറക്ടര്‍ ജഗത്ത് എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തിയിട്ടുണ്ട്. എക്‌സട്രാ ക്ലാസിന്റെ മറവിലായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി. എന്നാല്‍ രക്തസ്രാവം നിലയ്ക്കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ഓക്‌സിജന്റെ കുറവ് മൂലം പെണ്‍കുട്ടിയുടെ തലച്ചോറ് തകരാറിലായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനി തന്നെയാണ് സ്‌കൂള്‍ ഡയറക്ടറും അധ്യാപകനും ചേര്‍ന്ന് തന്നെ പീഡിപ്പിച്ച കാര്യം തുറന്നു പറഞ്ഞത്. ക്ലാസില്ലാതിരുന്ന പിരീഡായിരുന്നു ഇരുവരും പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ഡയറക്ടറോടും അധ്യാപകനോടും പറഞ്ഞു. എന്നാല്‍ ഇക്കാര്യം പുറത്തുപറയരുതെന്നും ഗര്‍ഭച്ഛിദ്രം നടത്താമെന്നും അവര്‍ പറഞ്ഞു.

താന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ നിര്‍ബന്ധിച്ചാണ് തന്നെ ഷഹ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അബോര്‍ഷന്‍ നടത്തിയത്. അതിന് ശേഷം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. വീട്ടില്‍ എത്തി മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടു. അപ്പോഴാണ് പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറയുന്നതും പിന്നീട് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അതേസമയം ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ പൂട്ടിയിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick