ഹോം » കേരളം » 

പുഴകള്‍ മലിനമാക്കിയാല്‍ തടവും പിഴയും

വെബ് ഡെസ്‌ക്
September 20, 2017

തിരുവനന്തപുരം: ജലസ്രോതസുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുളള നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ വിധിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നിലവിലെ നിയമത്തില്‍ പതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ, തടവ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയും. ശിക്ഷ വര്‍ധിപ്പിക്കുന്നതിന് കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടിലാണ് ഭേദഗതി വരുത്തുന്നത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ 610 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും തസ്തികകള്‍ ഇതില്‍ പെടും.

കാസര്‍കോട് ജില്ലയിലെ കോടോംബേളൂര്‍, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പുതിയ ഐടിഐ ആരംഭിക്കാനും തീരുമാനിച്ചു. ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കും. ഐടിഐയ്ക്കുളള സ്ഥലവും കെട്ടിടവും ഫര്‍ണിച്ചറും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒന്‍പത് അധിക തസ്തികകളും തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് വിഭാഗത്തില്‍ 14 തസ്തികകളും കാത്ത് ലാബില്‍ 19 തസ്തികകളും സൃഷ്ടിക്കും.

കൃഷിവകുപ്പിനു കീഴിലെ ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിലെ സ്റ്റാഫ്, ഓഫീസര്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പില്‍ 2014 ജൂലൈ 1ന് സര്‍വീസിലുണ്ടായിരുന്ന എണ്‍പത് എസ്എല്‍ആര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും.

കയര്‍മേഖലയുടെ ആധുനികവല്‍ക്കരണത്തിനും വികസനത്തിനും നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് 200 കോടി രൂപയുടെ സഹായം ലഭിക്കുന്നതിനുളള പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. കെമിക്കല്‍ എക്‌സാമിനേഷന്‍സ് ലബോറട്ടറി വകുപ്പിന്റെ എറണാകുളം റീജിണല്‍ ലബോറട്ടറിയില്‍ പുതിയ ഡിസ്റ്റലറി ഡിവിഷന്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി.

Related News from Archive
Editor's Pick