ഹോം » കേരളം » 

ശബരിമല മുന്നൊരുക്കങ്ങള്‍ ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

പ്രിന്റ്‌ എഡിഷന്‍  ·  September 21, 2017

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ മുന്നൊരുക്കങ്ങളും ഒക്‌ടോറില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. എല്ലാ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് ഒക്‌ടോബര്‍ 15നകം നല്‍കും.

കഴിഞ്ഞ സീസണില്‍ ലഭിച്ചതില്‍ കൂടുതല്‍ തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ദേവസ്വം, ധന വകുപ്പ് സെക്രട്ടറിമാരെ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുപ്പത്തിയേഴ് ഇടത്താവളങ്ങള്‍ വികസിപ്പിക്കും. ഒരു മാസത്തിനകം പത്ത് ഇടത്താവളങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. വാട്ടര്‍ അതോറിറ്റി ഒക്‌ടോബര്‍ 15നകം വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. 157 കിയോസ്‌കുകളും 379 പൈപ്പുകളുമാണ് സ്ഥാപിക്കുക. എരുമേലി ശുദ്ധജല പ്ലാന്റ് ഒക്‌ടോബറോടെ സജ്ജമാക്കും. കെഎസ്ആര്‍ടിസി 400 ബസുകള്‍ സീസണില്‍ സര്‍വീസ് നടത്താനും യോഗത്തില്‍ തീരുമാനമായി. 207 റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നടപടി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.

140 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. സന്നിധാനത്തെ പുതിയ ആശുപത്രി കെട്ടിടം നവംബര്‍ മൂന്നിന് സജ്ജമാകും. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 400 കിലോമീറ്റര്‍ ചുറ്റളവില്‍ 20 സ്‌ക്വാഡുകള്‍ പട്രോളിംഗ് നടത്തും.  തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ പത്ത് മുതല്‍ 12 ശതമാനം വരെ വര്‍ദ്ധനവാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അരവണ നിര്‍മ്മാണം നവംബര്‍ ഒന്നിന് ആരംഭിക്കും. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശബരിമലയിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി തുടരും. തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്നത് റെയില്‍വെയോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, എം. എം. മണി, തോമസ് ചാണ്ടി, ജി. സുധാകരന്‍, കെ. കെ. ശൈലജ , കെ. രാജു, മാത്യു ടി. തോമസ്, എംഎല്‍ എമാരായ രാജു എബ്രഹാം, ജയരാജ്, പി. സി. ജോര്‍ജ്, കെ.കെ. രാമചന്ദ്രന്‍നായര്‍, അടൂര്‍ പ്രകാശ്, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ സിരിഗജന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ദേവസ്വം സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick