ഹോം » പ്രാദേശികം » എറണാകുളം » 

സിപിഐ സമരത്തിനിടെ സംഘര്‍ഷം

September 21, 2017

കാക്കനാട്: സ്വകാര്യ ബസ്സുകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് യാത്രക്കാരെ വലയ്ക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ നടത്തിയ പ്രതിഷേധപ്രകടനം സംഘര്‍ഷത്തിനിടയാക്കി.
സിറ്റി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി വിട്ടുകൊണ്ടിരുന്നത് നേതാക്കളും പ്രവര്‍ത്തരുമെത്തി തടയുകയായിരുന്നു. ഇതില്‍ പ്രകോപിതരായി സ്ഥലത്തെത്തിയ ഏതാനും ബസ്സുടമകള്‍ കൂടി തൊഴിലാളികളുടെ പക്ഷം ചേര്‍ന്നതോടെ പ്രശ്നം രൂക്ഷമായി. പ്രകോപിതരായ ബസ്സുടമകള്‍ ബസ്സ് സര്‍വീസ് നിര്‍ത്തി വെച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലിസെത്തിയാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്. ഉച്ചയ്ക്ക് ശേഷം കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് പോലിസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം അവസാനിപ്പിച്ച് ബസ് സര്‍വീസ് പുനരാരംഭിച്ചത്. നഗരത്തിലേക്കുള്ള ബസ്സുകള്‍ അരമണിക്കൂറോളം മുടങ്ങി.
പോലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുകള്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് സമരം നടത്തുകയായിരുന്നു. ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ കളക്ടര്‍ തിരുവന്തപുരത്തായിരുന്നതിനാല്‍ ചര്‍ച്ച നടന്നില്ല. സിഗ്‌നല്‍ ജങ്ഷനിലെ വാഹനക്കുരുക്കഴിക്കാനായി ജില്ലാ പഞ്ചായത്തിന് മുന്നില്‍ നിന്ന് യാത്രക്കാരെ കയറ്റാനായി കാത്തുകിടന്ന സ്വകാര്യ ബസ്സുകളെ സ്റ്റാന്‍ഡിലേക്ക് മാറ്റിയതാണ് ബസ്സുടമകളുടെ പ്രതിഷേധത്തിന് കാരണം.
കിഴക്ക് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ ജില്ലാ പഞ്ചായത്തിന് മുന്നിലൂടെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് വഴി തിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ വാഹനക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടിയാണ് ജില്ലാ പഞ്ചായത്തിന് മുന്നിലെ പാര്‍ക്കിങ് ഒഴിവാക്കി ബസ്സുകള്‍ സ്റ്റാന്‍ഡിലേക്ക് മാറ്റാന്‍ പോലീസ് നിര്‍ദേശം നല്‍കിയത്.

Related News from Archive
Editor's Pick