ഹോം » കേരളം » 

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റേത് തെറ്റായ നടപടിയെന്ന് സിഐടിയു

പ്രിന്റ്‌ എഡിഷന്‍  ·  September 21, 2017

തിരുവനന്തപുരം: പരിഷ്‌ക്കരണത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി വിരുദ്ധത കുത്തിനിറയ്ക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുകയാണെന്ന് സിഐടിയു സംഘടനയായ കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍. സര്‍ക്കാരിന്റെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പരിഷ്‌ക്കരണ നടപടി എന്ന രീതിയില്‍ മാനേജ്‌മെന്റ് നടപ്പിലാക്കുന്ന നിയമങ്ങള്‍ ജീവനക്കാരെ വെറുപ്പിക്കുന്നു. 3000 കോടി രൂപയുടെ കടത്തിലാണ് കെഎസ്ആര്‍ടിസി. ശമ്പളത്തിനും മറ്റും ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് സ്ഥാപനത്തെ നിലനിര്‍ത്തുന്നത്. സ്ഥാപനത്തെ മുന്നോട്ട് നയിക്കാന്‍ ജീവനക്കാരുടെ സഹകരണം കൂടി വേണം.

ഇപ്പോള്‍ 170 കോടി രൂപ ശരാശരി പ്രതിമാസ വരുമാനം ലഭിക്കുമ്പോള്‍ അതില്‍ 90 കോടി രൂപയും വായ്പാ തിരിച്ചടവിനായി വിനിയോഗിക്കേണ്ടി വരുന്നു. അതു കഴിച്ചാല്‍ കോര്‍പ്പറേഷന് ഒരു മാസം ലഭിക്കുന്നത് 80 കോടിരൂപ മാത്രമാണ്. ഡീസലിനു മാത്രം 90 കോടി രൂപവേണം. ഇത് ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഇന്ധനം നിറയ്ക്കാന്‍ പോലും കടമെടുക്കേണ്ട അവസ്ഥയില്‍ സ്ഥാപനം തകര്‍ച്ചയുടെ നെല്ലിപ്പലക കാണുകയാണ്. ഈ സ്ഥിതിയില്‍ താത്ക്കാലിക പരിഹാരങ്ങള്‍ കൊണ്ട് സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ഡ്യൂട്ടി പരിഷ്‌ക്കരണത്തിലൂടെ ജീവനക്കാരെ വലയ്ക്കുന്ന നടപടിയാണ് ഉണ്ടാകുന്നത്.

സ്ഥാപനത്തെ കൂടുതല്‍ കുഴപ്പത്തിലാക്കേണ്ടെന്ന് കരുതിയാണ് യൂണിയന്‍ കടുത്ത സമരങ്ങളിലേക്ക് കടക്കാത്തതെന്നും കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ. ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസോസിയേഷന്‍ 41-ാം സംസ്ഥാന സമ്മേളനം 22 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും.

Related News from Archive
Editor's Pick