ഹോം » കേരളം » 

തിയേറ്ററുകള്‍ക്ക് എന്‍ഒസി നല്‍കാനാവില്ലെന്ന് അഗ്നിശമന സേന

പ്രിന്റ്‌ എഡിഷന്‍  ·  September 21, 2017

കൊച്ചി : എറണാകുളം എംജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ 30 മീറ്റര്‍ ഉയരത്തില്‍ ആളുകള്‍ ഒത്തുചേരുന്ന തരത്തില്‍ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് എന്‍ഒസി നല്‍കാനാവില്ലെന്ന് അഗ്നിശമന സേനാ വിഭാഗം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

പൊതുജന സുരക്ഷയെ മുന്‍നിറുത്തി തീപിടിത്തം ഒഴിവാക്കാന്‍ അഗ്‌നിസുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പോലും കെട്ടിടങ്ങളുടെ ഉയര്‍ന്ന നിലകളില്‍ ആളുകള്‍ വിനോദത്തിനായി ഒത്തുചേരുന്നത് അനുവദിക്കുന്നില്ല. കെട്ടിടങ്ങള്‍ക്ക് അഗ്‌നിശമന സേനയുടെ അനുമതിക്കുള്ള ഉയര നിയന്ത്രണത്തില്‍ ഇളവു പാടില്ലെന്ന് ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സിന്റെ (ബിഐഎസ്) റിപ്പോര്‍ട്ടിലും പറയുന്നു. 30 മീറ്റര്‍ ഉയരത്തില്‍ ആളുകള്‍ ഒത്തു ചേരാന്‍ ബി.ഐ.എസ് ഉദ്യോഗസ്ഥരും അനുവദിക്കുന്നില്ല. സാധാരണക്കാരുടെ ജീവനു ഭീഷണിയാകുന്ന ഒന്നിനും അനുമതി നല്‍കാനാവില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.

അഗ്നിശമനസേനാ വിഭാഗത്തിന്റെ അനുമതിയില്ലാതെ സെന്റര്‍ സ്‌ക്വയര്‍ മാളിലെ ഉയര്‍ന്ന നിലകളില്‍ തിയെറ്റര്‍ പ്രവര്‍ത്തിക്കരുതെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് അഗ്‌നിശമന സേനയിലെ ഡിവിഷണല്‍ ഓഫീസര്‍ ആര്‍. പ്രസാദ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണം നല്‍കിയത്.

ഉത്തര്‍പ്രദേശിലെ നോയിഡ വ്യവസായ മേഖലയില്‍ 30 മീറ്റര്‍ ആളുകള്‍ ഒത്തുചേരുന്ന കെട്ടിടങ്ങള്‍ക്ക് അഗ്‌നിശമന സേനയുടെ അനുമതി നല്‍കിയിട്ടുണ്ടെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ നോയിഡ സന്ദര്‍ശിച്ചു നടത്തിയ പരിശോധനയില്‍ ഇത്തരം ഒരു കെട്ടിടത്തിനും എന്‍ഒസി നല്‍കിയിട്ടില്ലെന്ന് വ്യക്തമായെന്നും വിശദീകരണത്തില്‍ പറയുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick