കൈക്കൂലി: വനം വകുപ്പ് ഉദേ്യാഗസ്ഥനെതിരെ വിജിലന്‍സ് അനേ്വഷണം

Wednesday 20 September 2017 10:35 pm IST

തിരുവനന്തപുരം: ആനക്കൊമ്പ് കള്ളക്കടത്ത് സംഘത്തില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഫോറസ്റ്റ് ഉദേ്യാഗസ്ഥനെതിരെ വിജിലന്‍സ് അനേ്വഷണം നടത്താന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടു. പുനലൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റര്‍ സി. വിജയനെതിരെയാണ് സ്‌പെഷ്യല്‍ ജഡ്ജി ഡി. അജിത്കുമാര്‍ അനേ്വഷണം പ്രഖ്യാപിച്ചത്. റാന്നിയില്‍ നിന്ന് ആനക്കൊമ്പുകള്‍ കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഇന്റലിജന്‍സ് സെല്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പുനലൂര്‍- റാന്നി ഫ്‌ളൈയിംഗ് സ്‌ക്വാഡുമായും വടശേരിക്കര റെയ്ഞ്ച് സ്റ്റാഫുകളുമായും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആങ്ങമൂഴിയില്‍ നിന്ന് ആനക്കൊമ്പുകള്‍ കടത്താന്‍ ശ്രമിച്ച കേഴ ബേബി എന്ന കുര്യാക്കോസ്, കണ്ണന്‍ എന്നിവരെ പിടികൂടി. തുടര്‍ന്ന് വടശേരിക്കരയില്‍ എത്തിച്ച് ചോദ്യം ചെയ്ത് നടപടിക്രമം പൂര്‍ത്തിയാക്കി കേസ് ഗൂഡ്രിക്കല്‍ റെയിഞ്ചിന് കൈമാറി. റെയ്ഡില്‍ പങ്കെടുത്ത ഫോറസ്റ്റര്‍ വിജയനാണ് ചോദ്യം ചെയ്യലിനിടെ കേഴ ബേബിയില്‍ നിന്നു 10,500 രൂപ വാങ്ങിയത്. ഇതിനിടെ പണം വിജയന്‍ വാങ്ങിയ കാര്യം ബേബി വെളിപ്പെടുത്തി. ഉദേ്യാഗസ്ഥര്‍ ഈ വിവരം കണ്‍സര്‍വേറ്ററെ അറിയിച്ചു. ഫോറസ്റ്ററുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്തപ്പോഴും പ്രതി മൊഴിയില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് കണ്‍സര്‍വേറ്ററുടെ നിര്‍ദ്ദേശാനുസരണം എല്ലാ ഉദേ്യാഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ പുനലൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ കെഎല്‍ 2 പി 8817 നമ്പരിലുള്ള ജീപ്പ് പരിശോധിക്കുകയും ഫോറസ്റ്ററുടെ ബാഗിനടിയില്‍നിന്ന് നോട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര പി. നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അനേ്വഷണ ചുമതല. അനേ്വഷണ റിപ്പോര്‍ട്ട് ഒക്‌ടോബര്‍ 13നകം ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.