ഹോം » കേരളം » 

ശ്രീലേഖ ആദ്യ വനിത ഡിജിപി, തച്ചങ്കരിക്കും ഡിജിപി പദവി

പ്രിന്റ്‌ എഡിഷന്‍  ·  September 21, 2017

തിരുവനന്തപുരം: എഡിജിപിമാരായ ടോമിന്‍ ജെ. തച്ചങ്കരി, ആര്‍ ശ്രീലേഖ, എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍ എന്നിവര്‍ ഡിജിപി പദവിക്ക് അര്‍ഹത നേടി. ഇവരുടെ പട്ടിക മന്ത്രിസഭായോഗം അംഗീകരിച്ചു.

കേരളത്തില്‍ ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിതയാണ് ശ്രീലേഖ. നിലവില്‍ ജയില്‍ എഡിജിപിയാണ്. നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ടോമിന്‍ ജെ. തച്ചങ്കരി ഇപ്പോള്‍ ഫയര്‍ ഫോഴ്‌സ് മേധാവിയാണ്. മഹാരാഷ്ട്ര സ്വദേശിയായ സുധേഷ് കുമാര്‍ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ആംഡ് ബറ്റാലിയന്‍ തലവന്‍. ബിഎസ്എഫ് ഐജി, നോര്‍ത്ത് സോണ്‍ എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.1987 ബാച്ച് ഐപിഎസുകാരനായ അരുണ്‍കുമാര്‍ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സുരക്ഷാ സംഘത്തിന്റെ മേധാവിയാണ്.

കേരളത്തില്‍ നിയമനം ലഭിച്ച ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ് ആര്‍. ശ്രീലേഖ. 1988ല്‍ കോട്ടയത്ത് എഎസ്പിയായാണ് ആദ്യ നിയമനം. 1991ല്‍ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരില്‍ ചുമതലയേറ്റു. വിജിലന്‍സില്‍ ആയിരിക്കുമ്പോള്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടി. പൊലീസ് ആസ്ഥാനത്ത് എഐജിയായും ജോലി നോക്കി. നാല് വര്‍ഷത്തോളം സിബിഐ. കൊച്ചി യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. എറണാകുളം റേഞ്ച് ഡിഐജി ആയതിന്‌ശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു.

റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായും സേവനമ നുഷ്ഠിച്ചു. കിളിരൂര്‍, കവിയൂര്‍ കേസുകളുടെ അന്വേഷണത്തിലും ശ്രീലേഖ ഭാഗമായിരുന്നു. ഗതാഗത കമ്മിഷണര്‍, ഇന്റലിജന്‍സ് മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മൂന്ന് കുറ്റാന്വേഷണ പുസ്തകങ്ങള്‍ ഉള്‍പ്പെടെ പത്തോളം പുസ്തകങ്ങള്‍ ശ്രീലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പീഡിയാട്രിക് സര്‍ജന്‍ ഡോ. സേതുനാഥാണ് ഭര്‍ത്താവ്. ഗോകുല്‍നാഥ് ഏക മകന്‍.

Related News from Archive
Editor's Pick