ഇന്ന് അള്‍ഷിമേഴ്‌സ് ദിനം; ഓര്‍മകള്‍ മരിച്ച അമ്മയ്ക്ക് ഇവര്‍ തുണ

Wednesday 20 September 2017 11:25 pm IST

തിരുവനന്തപുരം: ഓര്‍മകള്‍ മരിച്ച് കിടക്കയെ ശരണം പ്രാപിച്ച ഈ അമ്മയ്ക്ക് തുണയായുള്ളത് മനസിന്റെ താളം തെറ്റിയ രണ്ട് പെണ്‍മക്കള്‍. വിളപ്പില്‍ശാലയ്ക്കടുത്ത് വാഴിച്ചല്‍ മാറാംകുഴി വടക്കുംകര പുത്തന്‍വീട്ടില്‍ രാജമ്മ(65)യാണ് കഴിഞ്ഞ നാലരവര്‍ഷമായി മറവിരോഗം ബാധിച്ച് കിടക്കയെ ശരണം പ്രാപിച്ചിരിക്കുന്നത്. മൂത്രാശയത്തില്‍ നീക്കം ചെയ്യാനാവാത്ത മുഴ വന്നതോടെ രാജമ്മയുടെ ഭര്‍ത്താവ് പത്രോസിന് വര്‍ഷങ്ങളായി കിടക്കയില്‍ നിന്ന് എഴുന്നേറ്റിരിക്കാന്‍ പോലും സാധിക്കില്ല. നാട്ടുകാരില്‍ ചിലര്‍ ഇടിഞ്ഞുവീഴാറായ ചെറുകുടിലിന്റെ വാതില്‍പ്പടിയില്‍ വല്ലപ്പോഴും കൊണ്ടുവയ്ക്കുന്ന ഇത്തിരി ഭക്ഷണമാണ് ഈ നാല് ജീവനുകളെ നിലനിര്‍ത്തുന്നത്. ഒരു കുടുംബത്തിലെ നാലുപേരും രോഗങ്ങളുടെ ദുരിതക്കയത്തിലാണിപ്പോള്‍. രാജമ്മയുടെ പെണ്‍മക്കളായ കര്‍മ്മല, ഫിലോമിന എന്നിവര്‍ മനസിന്റെ താളം വീണ്ടെടുക്കുമ്പോഴാണ് അമ്മയ്ക്ക് ഇത്തിരി ഭക്ഷണം വാരിനല്‍കുന്നത്. വിശക്കുന്നുവെന്ന് പറയാനറിയാത്ത അമ്മ. അമ്മയുടെ വിശപ്പും ദാഹവും തിരിച്ചറിയാന്‍ കഴിയാത്ത മക്കള്‍.