ഹോം » ഭാരതം » 

സ്വാശ്രയ കേസില്‍ വിധി വെള്ളിയാഴ്ച

പ്രിന്റ്‌ എഡിഷന്‍  ·  September 21, 2017

ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രവേശനം സംബന്ധിച്ച കേസില്‍ വെള്ളിയാഴ്ച സുപ്രീംകോടതി വിധി പറയും. കേരളത്തിലെ മൂന്ന് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം തടഞ്ഞതിനെതിരായ ഹര്‍ജികളിലാണ് വിധി.

തൊടുപുഴയിലെ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, വയനാട് ഡിഎം മെഡിക്കല്‍ കോളേജ്, അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് എന്നിവരുടെ പ്രവേശന അനുമതി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

ആഗസ്തിന് ശേഷം മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശന അനുമതി നല്‍കരുതെന്ന കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഉണ്ടാകും. അതിന് ശേഷം മൂന്നു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനക്കാര്യത്തില്‍ ജസ്റ്റിസ് ബോബ്‌ഡെയുടെ ബെഞ്ച് വിധി പ്രസ്താവിക്കും.
ആഗസ്തിന് ശേഷം മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശന അനുമതി നല്‍കരുതെന്ന മൂന്നംഗ ബെഞ്ചിന്റെ വിധി നിലവിലുള്ളതിനാല്‍ മൂന്നു കോളേജുകള്‍ക്ക് അനുമതി നിഷേധിച്ചത് പുനഃപരിശോധിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

കോളേജുകള്‍ എല്ലാവര്‍ഷവും അനുമതി പുതുക്കി വാങ്ങുകയല്ല പുതിയ അനുമതികള്‍ വാങ്ങുകയാണ് ചെയ്യുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോളേജുകളുടെ അംഗീകാരം പരിശോധിക്കുന്നതിന് കൃത്യമായ സമയക്രമം പാലിക്കേണ്ടതാണെന്ന നിലപാട് കോടതിയും സ്വീകരിച്ചിട്ടുണ്ട്.

Related News from Archive
Editor's Pick