ഹോം » ഭാരതം » 

മദ്യം വേണോ… ആധാര്‍ കാണിക്കണം

വെബ് ഡെസ്‌ക്
September 21, 2017

ന്യൂദല്‍ഹി: ഹൈദരാബാദിലെ മദ്യശാലകളില്‍ നിന്ന് ഇനി മദ്യം വേണമെങ്കില്‍ ആധാര്‍ കാര്‍ഡ് കാണിക്കണം. ഇരുപത്തിയൊന്ന് വയസിന് താഴെയുള്ളവര്‍ക്ക് മദ്യം കിട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് എക്‌സൈസ് വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. അമിത മദ്യപാനം കാരണം പതിനേഴുകാരന്‍ മരിയ്ക്കാനിടയായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

നഗരത്തിലെ ഒരു ഹോട്ടലിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അമിത മദ്യപാനത്താല്‍ മരിച്ച പതിനേഴുകാരന്‍ എന്ന് കണ്ടെത്തിയിരുന്നു.
പുതിയ ഉത്തരവിനെ തുടര്‍ന്ന് ഇനി മദ്യശാലകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് കാണിക്കേണ്ടി വരും.

എക്‌സൈസ് കമ്മീഷണര്‍ ആര്‍.വി.ചന്ദ്രവദന്‍ എല്ലാ മദ്യാശാല ഉടമകള്‍ക്കും മദ്യപിക്കാനെത്തുന്നവര്‍ക്ക് മിതമായ അളവില്‍ മദ്യം നല്‍കാനും പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ അത് ലഭ്യമാകുന്നുള്ളൂവെന്ന് ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും എക്‌സൈസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ടാക്‌സി സര്‍വീസുമായി സഹകരിച്ച് ഉപഭോക്താക്കളെ വീടുകളിലെത്തിക്കാനുള്ള സൗകര്യമൊരുക്കാനും മദ്യശാല ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യശാലയിലെത്തുന്നവരെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ സൂക്ഷിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News from Archive
Editor's Pick