കൂരോപ്പട: പ്രാഥമിക വിദ്യാഭ്യാസം പകര്‍ന്ന് നല്കിയ സ്കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ക്ലാസ് റൂം ബസും സമ്മാനിക്കുന്നു.1955 ല്‍ സ്ഥാപിതമായ കൂരോപ്പട എന്‍എസ്എസ് എല്‍.പി സ്കൂളിനാണ് സ്വദേശത്തും വിദേശത്തുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ബസും സ്മാര്‍ട്ട് ക്ലാസ് റൂം നല്‍കുന്നത്.
ദല്‍ഹിയില്‍ വ്യവസായിയായ സാബു താന്നിയ്ക്കലാണ് സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മിച്ച് നല്‍കുന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ സാബു നിര്‍മ്മാണപുരോഗതി വിലയിരുത്തിയാണ് മടങ്ങിയത്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്കൂളിന് മിനി ബസ് സ്വപ്നമായിരുന്നു. പതിറ്റാണ്ടുകളുടെ ആവശ്യമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയിലൂടെ സഫലീകരിയ്ക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചെറിയ തുക മുതല്‍ വലിയ തുക വരെ സംഭാവന ചെയ്താണ് പുതിയ ബസ് വാങ്ങുന്നത്. ബസ് ഒക്ടോബര്‍ 2ന് സ്കൂളിലെത്തും.
ഗാന്ധിജയന്തി ദിനത്തില്‍ നടക്കുന്ന രണ്ടാമത് പുര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ബസ് കൈമാറും. രാവിലെ 10ന് സ്കൂള്‍ ഹാളില്‍ ചേരുന്ന സമ്മേളനവും ഗാന്ധിജയന്തി ദിനാചരണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ പി.പി.ഗോപിനാഥന് നായര്‍ അദ്ധ്യക്ഷനാകും. സമ്മേളനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിയ്ക്കും. പരിപാടികള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് എം.എന്‍. ബിന്ദുമോള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ പി.എസ്.ജോര്‍ജ്, അനില്‍ കൂരോപ്പട, റ്റി.എം. ജോര്‍ജ്, നിതീഷ് മോന്, റ്റി.എന്‍. രാജേന്ദ്രനാഥ്, ഇ.റ്റി. സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: