ഹോം » കേരളം » 

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാന്‍ വനംവകുപ്പ്

പ്രിന്റ്‌ എഡിഷന്‍  ·  September 22, 2017

പത്തനംതിട്ട: ശബരിമലഭക്തര്‍ അനുഷ്ഠിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാന്‍ വനംവകുപ്പ് രംഗത്ത്. ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ ബലിതര്‍പ്പണം ചെയ്യുന്ന പമ്പാത്രിവേണിയിലെ ബലിപ്പുരകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാണ് വനംവകുപ്പ് രംഗത്തെത്തിയത്. ത്രിവേണിയിലെ ബലിപ്പുരകള്‍ നിയമവിരുദ്ധമെന്ന് സൂചിപ്പിച്ച് വനംവകുപ്പ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കത്തുനല്‍കി.

കഴിഞ്ഞ 11ന് ഗൂഡ്രിക്കല്‍ ഫോറസ്റ്റ്‌റേഞ്ച് ഓഫീസര്‍ സാജു കെ.എ. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ പമ്പാത്രിവേണിയിലെ ബലിപ്പുരകള്‍ നില്‍ക്കുന്ന സ്ഥലം നിബന്ധനകള്‍ക്ക് വിധേയമായി വാഹനപാര്‍ക്കിംഗിന് പാട്ടത്തിന് നല്‍കിയസ്ഥലമാണെന്ന് പറയുന്നു.

ഈസ്ഥലം വാഹന പാര്‍ക്കിങ്ങിനല്ലാതെ ഉപയോഗിക്കരുതെന്നും ഇവിടെ ബലിപ്പുരകള്‍ ലേലംചെയ്ത് കൊടുക്കുന്നതിനോ, നിര്‍മ്മിച്ച് ഉപയോഗിക്കുന്നതിനോ ദേവസ്വംബോര്‍ഡിന് അനുവാദമില്ലെന്നും കത്തില്‍ പറയുന്നു.

വാഹന പാര്‍ക്കിംഗിന് അനുവദിച്ച സ്ഥലത്ത് വനംവകുപ്പിന്റെ അനുവാദമില്ലാതെ ബലിപ്പുരകള്‍ പ്രവര്‍ത്തിക്കുന്നത് നിലവിലുള്ള വനനിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും പേരില്‍ വനനിയമപ്രകാരം കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അറിയിച്ചത്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ പമ്പാമണല്‍പ്പുറത്ത് പിതൃപ്രീതിക്കായി ബലിതര്‍പ്പണം നടത്തിയിട്ടാണ് മലചവിട്ടുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരത്തിനാണ് വനംവകുപ്പ് ഇപ്പോള്‍ തടസ്സം സൃഷ്ടിക്കുന്നത്.  വനംവകുപ്പിന്റെ ഈ നടപടി വരുംദിവസങ്ങളില്‍ ഭക്തജനപ്രതിഷേധം ഉയര്‍ത്തും.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick