തിരുവനന്തപുരം: ക്ഷേത്രവിശ്വാസങ്ങളെ തകര്‍ക്കാനുള്ള മാധ്യമ നീക്കത്തിനെതിരെ ഹൈന്ദവ വിശ്വാസികളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്. ഓച്ചിറ പരബ്രഹ്മ മൂര്‍ത്തിയെ ‘തെണ്ടികളുടെ ദൈവം’ എന്ന് അധിക്ഷേപിച്ച കൈരളി ചാനല്‍ നടപടിക്കെതിരെ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദികളോടൊപ്പം ചേര്‍ന്ന് ക്ഷേത്രത്തെയും വിശ്വാസത്തെയും തകര്‍ക്കുവാനുള്ള ഗൂഢശ്രമമാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കൈരളി ചാനല്‍ നടത്തുന്നത്. ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷയാചിക്കുന്നതുകൊണ്ട് തെണ്ടികളുടെ ദൈവം എന്നു വിളിക്കുന്ന കൈരളി ചാനല്‍ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് ഇത്തരം വിശേഷണം നല്‍കുമോ എന്നു അദ്ദേഹം ചോദിച്ചു.
സംഘടിത വോട്ടു ബാങ്കിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര, വിനായക ചതുര്‍ത്ഥി തുടങ്ങിയ ഹൈന്ദവ ഉത്സവങ്ങള്‍ക്കെതിരെ സിപിഎമ്മും കൈരളി ചാനലും നടത്തുന്ന പ്രവര്‍ത്തനം നെറികേടിന്റെ വിരാടരൂപം പ്രകടമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം. കെ. രത്നാകരന്, സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതീന്ദ്രകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സന്ദീപ്, വഴയില ഉണ്ണി, ജില്ലാ ട്രഷറര്‍ ശിവശങ്കരപിള്ള, ജില്ലാ സെക്രട്ടറിമാരായ ബിജു, പൂവച്ചല്‍ ഹരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: