ഹോം » കേരളം » 

ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ മഹാസമാധി ദിനാചരണം

പ്രിന്റ്‌ എഡിഷന്‍  ·  September 22, 2017

വര്‍ക്കല: ശ്രീനാരായണഗുരുദേവ മഹാസമാധിദിനം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ശിവഗിരി മഠത്തില്‍ ആചരിച്ചു. മഹാസമാധിയില്‍ വിശേഷാല്‍ പൂജ, ഗുരുദേവ കൃതികളുടെ പാരായണം, ധ്യാനം, ഡോ.സീരപാണിയുടെ പ്രഭാഷണം എന്നിവ നടന്നു.

ഉപവാസ യജ്ഞത്തിന്റെ ഉദ്ഘാടനം ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ നിര്‍വ്വഹിച്ചു. മഹാസമാധി സമ്മേളനം പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമി സദ്ഭാവാനന്ദ ഉദ്ഘാടനം ചെയ്തു.

ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി പരാനന്ദ, സ്വാമി സച്ചിദാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ എന്നിവര്‍ സംസാരിച്ചു. മങ്ങാട് ബാലചന്ദ്രന്‍ രചിച്ച 501 ഗുരുദേവ കഥകള്‍ അടങ്ങുന്ന ഗുരുദേവ കഥാസാഗരം എന്ന പുസ്തകവും ശ്രീനാരായണീയര്‍ അനുഷ്ഠിക്കേണ്ട ആചാര പദ്ധതിയെ കുറിച്ച് സ്വാമി സച്ചിദാനന്ദ രചിച്ച പുസ്തകവും സ്വാമി വിശുദ്ധാനന്ദ സ്വാമി സദ്ഭാവാനന്ദയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഗുരുദേവന്റെ•ജന്മസ്ഥലമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന മഹാസമാധി സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്‍ സമൂഹത്തിന് കാട്ടിത്തന്നത് ധര്‍മ്മപദത്തില്‍ നിന്നു കര്‍മ്മപദത്തിലേക്കുള്ള മാര്‍ഗ്ഗമാണെന്ന് മന്ത്രി പറഞ്ഞു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അരക്കിട്ടുറപ്പിക്കുന്ന നിലപാട് തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യപ്രഭാഷണം നടത്തി. കയര്‍ഫെഡ് വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍, മുന്‍ എംഎല്‍എ ശരത്ചന്ദ്രപ്രസാദ്, മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാജി പ്രഭാകരന്‍, മാനസികാരോഗ്യവിദഗ്ദന്‍ ഡോ. രാജു, ജ്യോതിഷ് സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജ്യോതിഷ് ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ കെ.എസ്. ഷീല, സി. സുദര്‍ശനന്‍, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഷൈജു പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick