'ആട്ടചതുഷ്‌ക'ത്തിന് തിരിതെളിഞ്ഞു

Thursday 21 September 2017 10:51 pm IST

കോഴിക്കോട്: തോടയം കഥകളി യോഗത്തിന്റെ വാര്‍ഷികാ ഘോഷ പരിപാടിയായ 'ആട്ടചതുഷ്‌ക'ത്തിന് കോഴിക്കോട്ട് തിരിതെളിഞ്ഞു. കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തോടയം പ്രസിഡന്റ് അഡ്വ. പി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഗോപിയാശാനെ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അശീതി പ്രണാമം നല്‍കി ആദരിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവരെ സുരേഷ്‌ഗോപി എംപി പരിണതപ്രജ്ഞ പുരസ്‌കാരം നല്‍കി ആദരിച്ചു. കലാരൂപങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. മനസ്സിന് സത്യവും സന്തോഷവും വിവിധ വികാരങ്ങളും പകര്‍ന്നു നല്‍കുന്ന കലാരൂപങ്ങളെ എക്കാലവും നിലനിര്‍ത്തണം. കലാകാരന്മാര്‍ കാലഘട്ടങ്ങളുടെ സമ്പന്നതയാണ്. അക്കിത്തം, കലാമണ്ഡലം ഗോപിയാശാന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ കാലഘട്ടങ്ങള്‍ രൂപകല്‍പന ചെയ്ത ഗുരുവര്യന്മാരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ടി.ആര്‍. രാമവര്‍മ്മ, രാധാകൃഷ്ണന്‍ തൈപ്പള്ളി തുടങ്ങിയവരും സംസാരിച്ചു. തുടര്‍ന്ന് സെമിനാറും കലാമണ്ഡലം ഗോപിയാശാന്റെ നേതൃത്വത്തില്‍ നളചരിതം നാലാം ദിവസം കഥകളിയും നടന്നു. 24ന് വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിക്കും.