കെപിസിസി നിര്‍വാഹകസമിതി അംഗം അറസ്റ്റില്‍

Friday 22 September 2017 10:47 am IST

തൊടുപുഴ: കെപിസിസി നിര്‍വാഹക സമിതി അംഗം സി.പി മാത്യുവിനെ അറസ്റ്റ് ചെയ്തു. തൊടുപുഴ സിഐയുടെ കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയെന്നും സിഐയെ അസഭ്യം പറഞ്ഞുവെന്നുമാണ് കേസ്. മറ്റൊരു കേസില്‍ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. യുഡിഎഫ് ആഹ്വാനംചെയ്ത ഇടുക്കി ജില്ലാ ഹര്‍ത്താലിനോടനുബന്ധിച്ചു തൊടുപുഴയില്‍ നടന്ന പ്രകടനത്തിനിടയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമൊഴിവാക്കാന്‍ സിഐ തോക്കെടുത്തു. തൊടുപുഴ സിഐ എന്‍.ജി. ശ്രീമോനാണു പ്രകടനം നടത്തിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ തന്റെ സര്‍വീസ് റിവോള്‍വറെടുത്തത്. കാഞ്ഞിരമറ്റം ജംഗ്ഷനില്‍ പ്രകടനം എത്തിയപ്പോള്‍ ഡിവൈഎസ്പിയുടെയും സിഐയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം എത്തി. പിന്നീട് ഹര്‍ത്താലനുകൂലികളും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് സിഐ റിവോള്‍വര്‍ എടുത്തത്. സമാരാനുകൂലികള്‍ പിന്തിരിഞ്ഞപ്പോള്‍ സിഐ തോക്ക് ഉറയിലിടുകയും ചെയ്തു. ഇതിന് പിന്നാലെ സിഐ ശ്രീമോനെ ഒറ്റയ്ക്കു കിട്ടിയാല്‍ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യല്‍മീഡിയയില്‍ വീരവാദം മുഴക്കുകയും ചെയ്തു.