ഹോം » ലോകം » 

പാകിസ്ഥാന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’; യുഎന്നില്‍ ഇന്ത്യ

വെബ് ഡെസ്‌ക്
September 22, 2017

ന്യൂയോര്‍ക്ക്: ഭീകരര്‍ക്ക് അഭയം നല്‍കുന്നതിലൂടെ പാകിസ്ഥാന്‍ ടെററിസ്ഥാന്‍ ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ. ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയ രാഷ്ട്രം ഇപ്പോള്‍ വഞ്ചനയിലൂടെയും ചതിയിലൂടെയും പുതിയ കഥകള്‍ മെനയുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പവിത്രമായ ഒരു മണ്ണിനെ തീവ്രവാദത്തിന്റെ വിളനിലമാക്കി മാറ്റിയിരിക്കുന്നു. ആഗോളഭീകരവാദത്തിന്റെ ഉത്പാദന- കയറ്റുമതി കേന്ദ്രമായി പാകിസ്ഥാന്‍ മാറിക്കഴിഞ്ഞെന്നും ഈനം ഗംഭീര്‍ പറഞ്ഞു. മിലിട്ടറിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് ഒളിയിടങ്ങള്‍ നല്‍കിയും ഭീകരവാദ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കിയുമുള്ള പാകിസ്ഥാന്റെ ഭീകരവിരുദ്ധ നയം ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്‌കറെ ത്വയിബ ഭീകരന്‍ ഹാഫിസ് സെയിദിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള പാകിസ്ഥാന്‍ സൈന്യത്തിന്റെ നീക്കവും അവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത് അങ്ങനെ ആയിരിക്കുകയും ചെയ്യും. ഇക്കാര്യം പാകിസ്ഥാന്‍ മനസിലാക്കണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ പാകിസ്ഥാന് സാധിക്കില്ല. എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ ഉപദേശം ആര്‍ക്കും അവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ ജനങ്ങളെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ വേണമെന്നുമുള്ള പാക് പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍.

Related News from Archive
Editor's Pick