ഹോം » ലോകം » 

ട്രംപ് മനോരോഗിയെന്ന് കിം ജോങ് ഉന്‍

വെബ് ഡെസ്‌ക്
September 23, 2017

പ്യോങ്യാങ്: ചുട്ടുചാമ്പലാക്കുമെന്ന അമേരിക്കയുടെ ഭീഷണിക്കു മുന്നിലും ഉത്തരകൊറിയ മുട്ടുമടക്കുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത മറുപടിയുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രംഗത്ത്. ട്രംപ് മാനസികരോഗിയാണെന്നു പരിഹസിച്ച കിം, പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബു പരീക്ഷിക്കുമെന്ന ഭീഷണിയും മുഴക്കി.

ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കുമ്പോള്‍ ഉത്തരകൊറിയക്കെതിരെ കടുത്ത ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ഉപരോധം ശക്തമാക്കുമെന്നും ഉത്തരകൊറിയയെ തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് ഉത്തരകൊറിയ മറുപടി നല്‍കിയിരുന്നെങ്കിലും ഇന്നലെ കിം നേരിട്ടാണ് രംഗത്തെത്തിയത്. ട്രംപിനു മറുപടിയുമായി കിം പ്രസ്താവന നടത്തുന്ന വീഡിയോ ഉത്തരകൊറിയയുടെ ഔദ്യോഗിക ടെലിവിഷന്‍, കെസിഎന്‍എ പുറത്തു വിട്ടു.

അമേരിക്കക്കെതിരെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടിക്കാണ് ഉത്തരകൊറിയ ഒരുങ്ങുന്നതെന്ന് കിം പറഞ്ഞു. തന്റെ ആണവ പദ്ധതി ശരിയായ പാതയിലാണ് നീങ്ങുന്നത്. മാനസികരോഗിയെപ്പോലെ പെരുമാറുന്ന അമേരിക്കന്‍ നേതാവ് തീകൊണ്ടു കളിക്കുകയാണ്. കിം മുന്നറിയിപ്പു നല്‍കി. ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രി റി യോങ്-ഹോയും ഹൈഡ്രജന്‍ ബോംബു പരീക്ഷണത്തെക്കുറിച്ച് പരാമര്‍ശിച്ചത് മേഖലയില്‍ സംഘര്‍ഷം കടുപ്പിച്ചിട്ടുണ്ട്.

പതിവില്ലാത്ത തരത്തില്‍ ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം ചൈനയെ വിമര്‍ശിച്ചതാണ് മറ്റൊരു സവിശേഷത. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ ബന്ധങ്ങളെ വഷളാക്കിയെന്ന തരത്തിലുള്ള ചൈനീസ് മാധ്യമങ്ങളുടെ പ്രതികരണത്തെയാണ് ഉത്തരകൊറിയ വിമര്‍ശിച്ചത്. ഉത്തരകൊറിയയുടെ പ്രധാനപ്പെട്ട സഖ്യകക്ഷിയാണ് ചൈന. എന്നാല്‍ ഉത്തരകൊറിയയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല, എന്നാണ് കെസിഎന്‍എ റിപ്പോര്‍ട്ടു ചെയ്തത്.

കിമ്മിന്റെ പുതിയ ഭീഷണി വന്നതോടെ ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ നിതാന്ത ജാഗ്രതയിലാണ്. ഉത്തരകൊറിയക്കെതിരായി ഉപരോധം പ്രഖ്യാപിച്ചാല്‍ ചൈനയും അതില്‍ പങ്കാളിയാവുന്ന പ്രതീക്ഷയിലാണ് അമേരിക്ക.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick