ഹോം » കേരളം » 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭദ്രകാളി വിഗ്രഹം കണ്ടെത്തി

പ്രിന്റ്‌ എഡിഷന്‍  ·  September 23, 2017

പള്ളുരുത്തി: ക്ഷേത്ര പരിസരത്തെ ചതുപ്പുനിറഞ്ഞ കുളത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാളി വിഗ്രഹം ലഭിച്ചു. പെരുമ്പടപ്പ്‌കോണം പടിഞ്ഞാറ് മുരുകാത്ഭുത ശിവക്ഷേത്ര പരിസരത്തെ കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളത്തിന് സമീപത്തു നിന്നാണ് രണ്ടര അടിയിലധികം ഉയരമുള്ള രൗദ്രഭാവത്തിലുള്ള കാളി വിഗ്രഹം കണ്ടെടുത്തത്.

വ്യാഴാഴ്ച രാത്രി 9.30ഓടു കൂടിയാണ് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിഗ്രഹം പുറത്തെടുത്തത്. ത്രിശൂലവും, വാളും, രക്തപാത്രവും, ദാരിക ശിരസ്സും ഏന്തിയ ദേവീവിഗ്രഹം ദര്‍ശിക്കാന്‍ നാനാദേശത്തു നിന്നും ഭക്തജനങ്ങള്‍ പ്രവഹിക്കുകയാണ്. ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ദേവപ്രശ്‌നം നടന്നിരുന്നു. അന്ന് തന്നെ ദേവീസാന്നിദ്ധ്യം ഇവിടുള്ളതായി ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഗുരുദേവസമാധി ദിനാചരണത്തോടനുബന്ധിച്ചുള്ള അന്നദാനത്തിന്റെ അവശിഷ്ടങ്ങള്‍ മൂടുവാന്‍ കുഴിയെടുത്തിരുന്നു. ജെസിബി ഉപയോഗിച്ച് കുഴി തിരഞ്ഞ സമയം ആഴത്തില്‍ നിന്ന് വിഗ്രഹം ഉയര്‍ന്നുവരികയായിരുന്നു.

ചെളിയില്‍ പുതഞ്ഞു കിടന്നിരുന്ന വിഗ്രഹം ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു സമീപത്തേക്ക് താല്ക്കാലികമായി മാറ്റി. ക്ഷേത്ര കമ്മറ്റിയുടേയും, നാട്ടുകാരുടേയും നേതൃത്വത്തില്‍ പ്രത്യേകമായി അലങ്കരിച്ച വാഹനത്തില്‍ നഗരപ്രദക്ഷിണം നടത്തി. വിഗ്രഹം താല്ക്കാലികമായി ബാലാലയത്തിലേക്ക് മാറ്റുമെന്ന് ദേവസ്വം ഭാരവാഹികളായ പി.എന്‍. രഞ്ചന്‍, വി.കെ. സുജിത്ത് എന്നിവര്‍ പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick