ഹോം » കേരളം » 

ചാണ്ടിക്ക് കുരുക്ക് മുറുകി

പ്രിന്റ്‌ എഡിഷന്‍  ·  September 23, 2017

തിരുവനന്തപുരം: ഒരുതുണ്ട് ഭൂമിയെങ്കിലും കൈയേറുകയോ നിയമംലംഘിക്കുകയോ ചെയ്‌തെന്ന് തെളിയിച്ചാല്‍ ആ നിമിഷം മന്ത്രിസ്ഥാനവും എംഎല്‍എസ്ഥാനവും പൊതുപ്രവര്‍ത്തനവും ഉപേക്ഷിക്കാമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചെന്ന് കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്.

ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം കായല്‍ ഭൂമിയിലാണെന്ന് സര്‍വ്വെ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കളക്ടര്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചു. കായലില്‍ മണ്ണിട്ട് നികത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാണ്ടി കായല്‍ കൈയേറിയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമികൈയേറിയെന്ന പരാതിയും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വംവക 34 ഏക്കര്‍ ഭൂമി അനധികൃതമായി മന്ത്രിയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുകയാണെന്ന് കാണിച്ച് മാത്തൂര്‍ ദേവസ്വം ഭരണസമിതി പരാതി നല്‍കിയിരുന്നു. കൃഷിഭൂമിയായിരുന്ന 34 ഏക്കര്‍ ഭൂമിനികത്തിയാണ് ചാണ്ടിയും ബന്ധുക്കളും അനധികൃതമായി കൈവശപ്പെടുത്തിയത്. ദേവസ്വത്തിന്റെ പരാതി നിലനില്ക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ലാന്‍ഡ് റവന്യൂകമ്മീഷണറോട് അന്വേഷിക്കാന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ദേവസ്വംഭൂമി കയ്യേറിയത് സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നെങ്കിലും തോമസ് ചാണ്ടിക്കെതിരെ റവന്യൂവകുപ്പ് നടപടി എടുത്തിരുന്നില്ല.

കൃഷിസ്ഥലം നികത്തിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ദേവസ്വം അധികൃതര്‍ ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും കൈയേറിയ ഭൂമി കണ്ടെത്തി തിരികെ നല്‍കണമെന്ന് ലാന്‍ഡ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ സ്വാധീനത്താല്‍ വിധി നടപ്പിലാക്കാന്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഇതുവരെയും കൂട്ടാക്കിയിരുന്നില്ല. ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയും കൂട്ടരും നടത്തിയ നിയമലംഘനം നിയമസഭയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതാണ്.

മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു; രാജിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടിയുടെ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റവന്യൂമന്ത്രിക്ക് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

ഇതിനിടെ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് തോമസ്ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ രാജിവയ്ക്കൂ. ഒരു തുണ്ട് ഭൂമിപോലും താന്‍ കൈയേറിയിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. തന്നെ ആസൂത്രിതമായി മാധ്യമങ്ങള്‍ കുടുക്കുകയാണ്. മുകളിലിരിക്കുന്ന ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick