ഹോം » കേരളം » 

ആലപ്പുഴ നഗരസഭ ഓഫീസില്‍ ജീവനക്കാര്‍ പണിമുടക്കുന്നു

വെബ് ഡെസ്‌ക്
September 23, 2017

ആലപ്പുഴ: ആലപ്പുഴ നഗരസഭ ഓഫീസില്‍ ജീവനക്കാര്‍ പണിമുടക്കുന്നു. ഇടത് അനുകൂല സംഘടനയില്‍ ഉള്ളവരാണ് പണിമുടക്കുന്നത്. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.

റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ട് പി. സുജ, ജീവനക്കാരായ മോളി, ഗീവര്‍ഗീസ്, ഷിബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫയലുകള്‍ കാണാതായ സംഭവത്തില്‍ പ്രധാന ഉത്തരവാദി ചെയര്‍മാനാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫയലുകള്‍ കാണാതായ സംഭവത്തില്‍ ജീവനക്കാര്‍ക്ക് മേല്‍ കുറ്റം ചുമത്തി ഭരണപ്രതിപക്ഷ കക്ഷികളുടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് അനുവദിച്ച നടപടി റദ്ദാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നാല് അംഗങ്ങളും കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ നഗരസഭയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടിയുടെ പക്കലുള്ള രേഖകള്‍ ബുധനാഴ്ചയ്ക്കകം നഗരസഭയില്‍ ഹാജരാക്കണമെന്നും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2004ലാണ് ചാണ്ടിയുടെ റിസോര്‍ട്ടിന് എല്‍ഡിഎഫ് ഭരണകാലയളവില്‍ നികുതി ഇളവ് നല്‍കിയത്. അതിനാല്‍ പ്രതിവര്‍ഷം 11 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് നഷ്ടമുണ്ടായത്.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ 26 കെട്ടിടങ്ങളില്‍ അഞ്ച് കെട്ടിടങ്ങളും, ലോന്‍ഡ്രി, ബയോഗ്യാസ് പ്‌ളാന്റ്, സെക്യൂരിറ്റി ക്യാബിന്‍ എന്നിവയും അനധികൃതമാണെന്ന് നഗരസഭ എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന് വിരുദ്ധമായി അനധികൃത കെട്ടിടങ്ങള്‍ ഇല്ലെന്നാണ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഫയലുകള്‍ കാണാത്തതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick