ജയലളിതയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മന്ത്രി

Saturday 23 September 2017 7:01 pm IST

  ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തമിഴ്‌നാട് വനം വകുപ്പ് മന്ത്രി സി. ശ്രീനിവാസന്‍ രംഗത്ത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ തങ്ങളോട് സംസാരിച്ചുവെന്നു പറഞ്ഞത് കള്ളമാണെന്നും മന്ത്രി വ്യക്തമാക്കി. കള്ളം പറഞ്ഞതില്‍ ക്ഷമ ചോദിക്കുന്നതായും ശ്രീനിവാസന്‍ പറഞ്ഞു. മധുരയില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ നടന്ന ഒരു പൊതുപരിപാടിയിലാണ് ഇക്കാര്യം മന്ത്രി വെളിപ്പെടുത്തിയത്. സെപ്റ്റംബര്‍ 22 മുതല്‍ ഡിസംബര്‍ 5വരെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് അവര്‍ ഇഡ്ഡലി കഴിക്കുന്നതായും പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതുമായ കാര്യങ്ങള്‍ ജനങ്ങളോട് മാദ്ധ്യമങ്ങള്‍ വഴി പറഞ്ഞിരുന്നു. അത് നുണയാണെന്നും, ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് ആരും അമ്മയെ കണ്ടിരുന്നില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. ഇങ്ങനെയെല്ലാം പറയേണ്ടി വന്നതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോയില്‍ പ്രവേശിപ്പിക്കുന്നത്. ഡിസംബര്‍ 5നാണ് ജയലളിത മരിച്ചത്.