ഹോം » ഭാരതം » 

ശൗചാലയത്തിന് മോദിയുടെ കൈയൊപ്പ്

September 24, 2017

വാരാണസി: സ്വച്ഛ് ഭാരത് അഭിയാന്റെ സൂത്രധാരന്‍ തന്നെ ഇഷ്ടികയും സിമന്റുമെടുത്ത് നേരിട്ടെത്തിയപ്പോള്‍ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അത്ഭുതം. ശൗചാലയം നിര്‍മാണത്തില്‍ ശ്രമദാനമായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏവരെയും അമ്പരപ്പിച്ചു.

വാരാണസയിലെ ഷഹന്‍ഷാപൂരിലാണ് മോദി ശൗചാലയ നിര്‍മാണത്തില്‍ പങ്കാളിയായത്. സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായി ഇവിടെ ഇരട്ടക്കുഴി ശൗചാലയങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്ക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി മഹേന്ദ്ര സിങ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പിന്നീട്, പശു ആരോഗ്യമേളയുടെ ഭാഗമായി ചേര്‍ന്ന പൊതുയോഗത്തില്‍ മോദി ഇതേക്കുറിച്ച് സംസാരിച്ചു. സമീപത്തെ ഗ്രാമത്തില്‍ ശൗചാലയം നിര്‍മിക്കാനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ഗ്രാമീണര്‍ ആ പ്രദേശത്തെ വെളിയിട വിസര്‍ജ്ജന വിമുക്ത പ്രദേശമാക്കാന്‍ പ്രവര്‍ത്തിക്കുന്നു. ശുചിത്വമെന്നത് എനിക്ക് പൂജയാണ്, ശുദ്ധീകരണമെന്നത് പാവപ്പെട്ട ഇന്ത്യയെ സേവിക്കുകയെന്നതും, മോദി പറഞ്ഞു.

രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണം. ശുചിത്വ ഭാരതമെന്നാല്‍ ആരോഗ്യമുള്ള ഭാരതമെന്നാണ് അര്‍ത്ഥം. വര്‍ഷം 50,000 രൂപയാണ് വെളിമ്പ്രദേശത്ത് മലവിസര്‍ജ്ജനം നടത്തുന്നതു മൂലമുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കാന്‍ രാജ്യം ചെലവഴിക്കുന്നത്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related News from Archive
Editor's Pick