ഹോം » കേരളം » 

ചേര്‍ത്തല-കഴക്കൂട്ടം നാലുവരിപ്പാത രൂപരേഖയായി

പ്രിന്റ്‌ എഡിഷന്‍  ·  September 24, 2017

മാവേലിക്കര: ചേര്‍ത്തല-കഴക്കൂട്ടം ദേശീയപാത (എന്‍എച്ച് 66) നാലുവരിപ്പാതയാക്കുന്നതിന്റെ അന്തിമ രൂപരേഖ സ്വകാര്യ കണ്‍സള്‍ട്ടന്റ്‌സ് ഏജന്‍സി നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യക്ക് (എന്‍എച്ച്എഐ) സമര്‍പ്പിച്ചു. ന്യൂദല്‍ഹി ആസ്ഥാനമായ എസ്എംസിഇ എന്ന സ്വകാര്യ സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്.

എന്‍എച്ച്എഐ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ രൂപരേഖ പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം നാഷണല്‍ ഹൈവെ പ്രോജക്ട് ഡയറക്ടര്‍ വഴി കേന്ദ്രസര്‍ക്കാരിന് കൈമാറും. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കിയാല്‍ ചേര്‍ത്തല – കഴക്കൂട്ടം നാലുവരിപ്പാത വേഗത്തില്‍ പൂര്‍ത്തിയാകും. 172.8 കി.മീ ദൂരത്തില്‍ 45 മീറ്റര്‍ വീതിയിലാണ് നാലുവരിപ്പാത നിര്‍മ്മിക്കുന്നത്. ഇതിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ സര്‍വെ നമ്പരുകള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ചിരുന്നു. നാഷണല്‍ ഹൈവെ ഡെവലപ്‌മെന്റിനെയാണ് ആദ്യം രൂപരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്.

ഇവര്‍ നടത്തിയ സര്‍വെയില്‍ ചില ആരാധനാലയങ്ങളെയും വന്‍കിട സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന രീതിയില്‍ രൂപരേഖയില്‍ വ്യത്യാസം വരുത്തിയതായി പരാതി ഉയര്‍ന്നു. ഇരുവശത്തു നിന്നും ഒരു പോലെ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. ഇതോടെയാണ് പഠനം നടത്താന്‍ എസ്എംസിഇയെ ചുമതലപ്പെടുത്തിയത്.
രണ്ടു മാസം മുന്‍പ് എസ്എംസിഇ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച ചില സര്‍വെ നമ്പര്‍ ഒഴിവാക്കിയതായും മറ്റു ചിലത് ഉള്‍പ്പെടുത്തിയതായും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് തിരിച്ചയച്ചു. തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിലും ചില അപാകതകള്‍ ഉണ്ടെങ്കിലും കൃത്യമാക്കി എന്‍എച്ച്എഐക്ക് സമര്‍പ്പിക്കാനാണ് തീരുമാനം.

ചേര്‍ത്തല-കഴക്കൂട്ടം നാലുവരി പാത യാഥാര്‍ത്ഥ്യമായാല്‍ കേരളത്തെല രണ്ടു പ്രധാന നഗരങ്ങളായ കൊച്ചി-തിരുവനന്തപുരം ബന്ധപ്പെടുത്തിയുള്ള യാത്ര എളുപ്പത്തിലാകും. ഇപ്പോള്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്താന്‍ 6-8 മണിക്കൂര്‍ വരെ സമയം എടുക്കുന്നു. ഇത് 4-6 മണിക്കൂര്‍വരെയായി കുറയ്ക്കാന്‍ സാധിക്കും. ഇതോടൊപ്പം പ്രധാന നഗരങ്ങളിലെ തിരക്ക് കുറയും.

 

Related News from Archive
Editor's Pick