ബിരുദത്തോടൊപ്പം പരിശീലനം അനിവാര്യം

Saturday 23 September 2017 9:16 pm IST

അത്യാവശ്യം പരിശീലനം കൊടുത്തുമാത്രം ബിരുദധാരികളെ തൊഴില്‍ മേഖലയിലേക്ക് വിടണമെന്നത് യൂണിവേഴ്‌സിറ്റികള്‍ വളരെ പ്രാധാന്യത്തോടെ കാണണം. ഡോ.വി.ബി.പണിക്കര്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് എല്ലാവരും ശ്രദ്ധയോടെ അംഗീകരിക്കേണ്ടതാണ്. എന്‍ജിനിയറിങ് എന്നല്ല, മറ്റു പല മേഖലകളിലും ഇത് ആവശ്യമത്രേ. ഏതു ജോലിക്കും എക്‌സ്പീരിയന്‍സ് ചോദിക്കും. കോളേജില്‍നിന്ന് ഇറങ്ങുമ്പോള്‍തന്നെ അത്യാവശ്യം എക്‌സ്പീരിയന്‍സ് കിട്ടാനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. വെറും തിയറി പഠിപ്പിച്ച് വിടുകയല്ല വേണ്ടത്. ഫാര്‍മസി വിദ്യാഭ്യാസ മേഖലയിലും ഈ കുറവുകള്‍ പരിഹരിക്കുന്നത് നന്നായിരിക്കും. മരുന്നുകമ്പനികളുമായി ബന്ധപ്പെട്ട് അല്‍പം പരിശീലനം നേടിക്കൊടുക്കുക. മെഡിക്കല്‍ സ്റ്റോറുകളിലും ഹോസ്പിറ്റലുകളിലും നിന്നുള്ള പരിശീലനം അവര്‍ക്ക് നേടിക്കൊടുക്കുക. ഇവ ബിരുദദാനത്തിനൊപ്പം സൗകര്യപ്പെടുത്തിക്കൊടുക്കേണ്ടത് ആവശ്യമാണ്. ജീവിത വീഥിയിലേക്കിറങ്ങുന്ന ബിരുദധാരികള്‍ക്ക് ഭൗതികവും ആത്മീയവുമായി മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ആവശ്യമായ മോറല്‍ ക്ലാസ്സുകള്‍, കൗണ്‍സിലിങ് സംവിധാനം, ആരോഗ്യപരമായ പ്രയോഗിക അറിവുകള്‍, സമൂഹത്തില്‍ ഇടപെടേണ്ട രീതികള്‍ ഇവയെക്കുറിച്ചൊക്കെ സാമാന്യബോധം ഈ മേഖലകളിലുള്ള പ്രതിഭാധനന്മാരെക്കൊണ്ട് പറഞ്ഞുകൊടുക്കുന്നത് വളരെ ഉപകാരം ചെയ്യും. പതറാതെ ജീവിതത്തെ നേരിടാനുള്ള പാത നാം ഒരുക്കിക്കൊടുക്കുന്നതിന് എന്നും അവര്‍ നന്ദിയുള്ളവരായിരിക്കും. വിവാഹജീവിതത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളും പങ്കാളികളുടെ അറിവില്ലായ്മയും പാകതക്കുറവുംകൊണ്ട് സംഭവിക്കുന്നതാണ്. നമ്മുടെ കുട്ടികള്‍ അത്ര മോശക്കാരൊന്നുമല്ല. നമുക്ക് അവരെ നന്നാക്കി എടുക്കാവുന്നതേയുള്ളൂ. നല്ല വഴികാട്ടിക്കൊടുക്കാനുള്ള സന്മനസ്സാണ് പരിണത പ്രജ്ഞരായ മുതിര്‍ന്നവര്‍ കാണിക്കേണ്ടത്. ലളിതാംബിക വള്ളിക്കാവ്, കൊല്ലം