ഹോം » കേരളം » 

മുതലാളിത്ത പ്രതിസന്ധി മറികടക്കാന്‍ ഇടതുപക്ഷത്തിനായില്ല: യെച്ചൂരി

September 24, 2017

കൊച്ചി: മുതലാളിത്ത പ്രതിസന്ധി മറികടക്കാനും നവ ഉദാര വത്കരണ നയങ്ങളെ പ്രതിരോധിക്കാനും ഇടതുപക്ഷത്തിന് വ്യക്തമായ അജണ്ടയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ലോകമെങ്ങും മുതലാളിത്ത ആശയങ്ങള്‍ ശക്തിപ്രാപിക്കുകയും വിജയിക്കുകയും ചെയ്യുമ്പോള്‍ ഇടതുപക്ഷ ആശയങ്ങള്‍ക്ക് കാര്യമായ പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ആരംഭിച്ച ദക്ഷിണേഷ്യന്‍ ഇടതുപാര്‍ട്ടികളുടെ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു യെച്ചൂരി.

ലോകമെങ്ങും വലതുപക്ഷ രാഷ്ട്രീയത്തിന് വിജയമുണ്ടാകുന്നത് ഇടതു സമീപനത്തിലെ പാളിച്ചയാണോ എന്ന വിലയിരുത്തലും ആത്മപരിശോധനയും അത്യാവശ്യമാണെന്ന് യച്ചൂരി അഭിപ്രായപ്പെട്ടു. ഉദാരവത്കരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. ഇന്ത്യയില്‍ നരസിംഹറാവു പ്രധാനമന്ത്രിയായ കാലത്തു തുടങ്ങിയ ഉദാരവത്കരണ നയം ഇപ്പോള്‍ നരേന്ദ്രമോദിയുടെ കാലത്തും തുടരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല. വ്യക്തമായ പദ്ധതികളുടെ അഭാവമാണിതിനുകാരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇന്ത്യയിലെ സിപിഐ, സിപിഎം പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള പ്രതിനിധികളെ ക്ഷണിച്ചിരുന്നെങ്കിലും വിസ ലഭിക്കാത്തതിനാല്‍ അവര്‍ക്ക് എത്താനായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എസ്.രാമചന്ദ്രന്‍പിള്ള, പ്രകാശ്കാരാട്ട്, കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി തുടങ്ങിയവരും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.

ഇന്ന് സമ്മേളനം സമാപിക്കും. വൈകിട്ട് 3.30ന് രാജേന്ദ്ര മൈതാനിയില്‍ നിന്നാരംഭിക്കുന്ന ചുവപ്പുസേന മാര്‍ച്ച് മറൈന്‍ഡ്രൈവില്‍ സമാപിക്കും. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവര്‍ സംസാരിക്കും.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick