കോട്ടയം: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രം കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റര്‍ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷണ്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുമായി സഹകരിച്ച് ഒക്ടോബര്‍ 22ന് കോട്ടയം സിഎംഎസ് കോളേജില്‍ മെഗാ തൊഴില്‍മേള നടത്തും.
അഞ്ചാം ക്ലാസ് മുതല്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കുമായി അയ്യായിരത്തോളം തൊഴില്‍ സാധ്യതകളാണ് മേളയില്‍ ഒരുക്കുന്നത്. ബഹുരാഷ്ട കമ്പനികള്‍ മുതല്‍ ചെറുതും വലുതുമായ അമ്പതോളം സ്വകാര്യ സ്ഥാപനങ്ങളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഒഴിവുകള്‍ക്ക് വേണ്ട യോഗ്യത, പ്രായപരിധി എന്നിവ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്സ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡാറ്റയും സഹിതം രാവിലെ 9ന് മേള നടക്കുന്ന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് കമ്പനികളുടെ കൗണ്ടറുകളിലെത്തി ഇന്റര്‍വ്യൂവിന് ഹാജരാകണം. പിന്നീട് വരുന്ന ഒഴിവിലേക്ക് പരിഗണിക്കാന്‍ www.ncss.gov.in എന്ന വെബ്സൈറ്റില്‍ ജോബ് സീക്കറായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2332113, 8304009409.
പത്രസമ്മേളനത്തില്‍ കേന്ദ്രതൊഴില്‍ മന്ത്രാലയം സബ് റീജണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന്, രൂപേഷ് ആര് മേനോന്, അഖില്‍ രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: