റോഡ് നിര്‍മാണത്തിലെ അപാകത കൃഷിയിടം നശിക്കുന്നു

Saturday 23 September 2017 10:34 pm IST

ഇരിട്ടി: റോഡ് നിര്‍മ്മാണത്തിലുണ്ടായ അപാകതമൂലം സ്വകാര്യ വ്യക്തിയുടെ കൃഷിയിടം മഴവെള്ളം കുത്തിയൊഴുകി നശിക്കുന്നു. വള്ളിത്തോട് നിരങ്ങന്‍ചിറ്റയിലെ തോമസ് മറ്റപ്പള്ളിയുടെ കൃഷിയിടമാണ് അപകടാവസ്ഥയിലായത്. ചെങ്കുത്തായ പ്രദേശത്തുകൂടി റോഡ് നിര്‍മിക്കുമ്പോള്‍ പ്രദേശത്തുനിന്നാകെ ഒഴികിയെത്തുന്ന മഴവെള്ളം തന്റെ കൃഷിയിടം തകര്‍ക്കുമെന്നും അതിനാല്‍ തന്റെ തന്നെ റോഡിന്റെ മറുവശത്തുള്ള ഭൂമിയിലേക്ക് വെള്ളം ഒഴികിപോകാനുള്ള രീതിയില്‍ റോഡ് നിര്‍മിക്കണമെന്നും തോമസ് മറ്റപ്പള്ളി ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. റോഡില്‍ കലുങ്ക് നിര്‍മിച്ച് വെള്ളം മറുവശത്തെ തോട്ടിലൂടെ ഒഴുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വള്ളിത്തോട് മട്ടിണി റോഡ് നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടും കലുങ്ക് നിര്‍മിച്ചില്ല. ഇതോടെ തോമസ് മറ്റപ്പള്ളിയുടെ രണ്ട് സെന്റോളം കൃഷി ഭൂമി കുത്തൊഴുക്കില്‍ ഒഴികി പോയി. സമീപത്തെ കൃഷിയും നശിച്ചു. മണ്ണിട്ട് ഉയര്‍ത്തിയ റോഡിന്റെ പാര്‍ശ്വഭിത്തിയും ഇപ്പോള്‍ അപകടാവസ്ഥയിലായി.