ഹോം » കേരളം » 

ലേക് പാലസ് റോഡിനുള്ള എംപി ഫണ്ടും ചട്ടം ലംഘിച്ച്

പ്രിന്റ്‌ എഡിഷന്‍  ·  September 24, 2017

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിനു മുന്നിലൂടെയുള്ള റോഡ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചത് കോണ്‍ഗ്രസ്, സിപിഐ എംപിമാര്‍. വയല്‍ നികത്തിയുള്ള റോഡിന് ഫണ്ട് അനുവദിച്ചതാകട്ടെ നിയമവിരുദ്ധവും. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് വലിയകുളത്തു നിന്ന് സീറോ ജെട്ടിയിലേക്കുള്ള ഈ റോഡ് നിര്‍മിച്ചത്.

നിയമം പ്രാബല്യത്തില്‍ വന്ന 2008 ആഗസ്തിനു ശേഷം നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിക്കാന്‍ സംസ്ഥാനതല നിരീക്ഷണ സമിതിയുടെ അനുവാദം വേണം. എന്നാല്‍, അതിനുള്ള അപേക്ഷ പോലും നല്‍കാതെയാണ് കെ.ഇ. ഇസ്മായിലും പി.ജെ. കുര്യനും പണം അനുവദിച്ച് ലേക് പാലസ് റിസോര്‍ട്ടിനായുള്ള റോഡ് നിര്‍മ്മിച്ചത്. രാഷ്ട്രീയ ഭേദമന്യെ തോമസ് ചാണ്ടിക്ക് സഹായവും സംരക്ഷണവും ലഭിക്കുന്നതിന്റെ തെളിവാണിത്.

നിലംനികത്തി റോഡ് നിര്‍മ്മിക്കാന്‍ ആദ്യം പ്രാദേശികതല നിരീക്ഷണ സമിതിയെ സമീപിക്കണം. അവരുടെ ശുപാര്‍ശ സംസ്ഥാനതല സമിതിക്ക് നല്‍കണം. അവരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. റിസോര്‍ട്ടിനു മുന്നില്‍ ടാറിങ് അവസാനിപ്പിച്ച ഈ റോഡ് നിര്‍മ്മാണം തുടങ്ങിയത് 2011ല്‍. മുല്ലയ്ക്കല്‍ വില്ലേജില്‍ തിരുമല കരുവേലി പാടശേഖരത്തിന്റെ മദ്ധ്യത്തിലൂടെ റോഡ് നിര്‍മ്മിക്കാന്‍ നിലം നികത്താന്‍ പ്രാദേശിക സമിതിക്ക് ശുപാര്‍ശ കിട്ടിയിട്ടില്ല. മുല്ലയ്ക്കല്‍ കൃഷി ഓഫീസിലും അപേക്ഷ ലഭിച്ചിട്ടില്ല.

എന്നിട്ടും റവന്യു, കൃഷി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും കാഴ്ചക്കാരാക്കി പൊതുഫണ്ട് ഉപയോഗിച്ച് അനധികൃതമായി റോഡ് നിര്‍മ്മിച്ചു. കിളിരൂര്‍ കേസില്‍ ലേക് പാലസ് റിസോര്‍ട്ടിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ഐജി ശ്രീലേഖയുടെ നേതൃത്വത്തില്‍ ഇവിടെ അന്വേഷണവും നടത്തി. എന്നിട്ടും അച്യുതാനന്ദന്റെ ഭരണകാലയളവില്‍ റിസോര്‍ട്ടിലേക്ക് റോഡിന് സിപിഐ എംപി ഫണ്ട് അനുവദിച്ചതാണ് വിവാദമാകുന്നത്.

 

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick