ഇരിട്ടിയിലും പേരാവൂരിലുമായി കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

Saturday 23 September 2017 10:35 pm IST

ഇരിട്ടി: ഇരിട്ടിയിലും പേരാവൂരിലുമായി മൂന്നു പേരെ കഞ്ചാവ് പൊതികളുമായി എക്‌സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശി ജെറിന്‍ (25) നെയാണ് ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയ്‌ലത്തും സംഘവും അറസ്റ്റു ചെയ്തത്. കൂട്ടുപുഴ പാലത്തിനടുത്തുവെച്ച് പിടികൂടിയ യുവാവില്‍നിന്നും 12 പൊതികളിലായി സൂക്ഷിച്ച 40ഗ്രാം കഞ്ചാവ് പിടികൂടി. പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ പൊതികളാക്കി സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. വീരാജ് പേട്ടയില്‍ നിന്നുമാണ് കഞ്ചാവ് എത്തിക്കുന്നതെന്നും രണ്ട് വര്‍ഷത്തോളമായി ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ നിസാര്‍,സിവില്‍ ഓഫീസര്‍മാരായ, മജീദ്, ജോണി ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരും ഉണ്ടായിരുന്നു. പേരാവൂരില്‍ സ്‌കൂള്‍, ടൗണ്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി വസ്തുക്കളുടെ വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് രണ്ടു പേര് പിടിയിലായത്. മുള്ളേരിക്കലിലെ മുനീര്‍ (34), ഓടപ്പുഴ കോളനിയിലെ രവി (50) എന്നിവരാണ് പേരാവൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.അജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്നും അമ്പതു ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ടുപേരെയും കൂത്തുപറമ്പ് കോടതില്‍ ഹാജരാക്കി.