നിരുപമ റാവു യു.എസിലെ ഇന്ത്യന്‍ സ്ഥാനപതി

Saturday 16 July 2011 5:19 pm IST

ന്യൂദല്‍ഹി: വിദേശകാര്യ സെക്രട്ടറി നിരുപമ റാവു യു.എസിലെ ഇന്ത്യന്‍ സ്ഥാനപതിയാകും. വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. വിദേശകാര്യ സെക്രട്ടറിയെന്ന നിലയില്‍ നിരുപമയുടെ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. അധികം വൈകാതെ നിരുപമ ചുമതലയേല്‍ക്കും. യു.എസിലെ ആദ്യ ഇന്ത്യന്‍ വനിതാ സ്ഥാനപതി മീരശങ്കറായിരുന്നു. മലപ്പുറത്തു ജനിച്ച നിരുപമ റാവു 1973 ബാച്ച് ഐഎഫ്എസുകാരിയാണ്. നേരത്തെ ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ അംബാസിഡറായിരുന്നു. 2009ല്‍ വിദേശകാര്യ സെക്രട്ടറിയായി. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായ രണ്ടാമത്തെ വനിതയാണു നിരുപമ. മുന്‍ഗാമി ചോകില അയ്യരാണ്. 60 വയസുള്ള നിരുപമ കഴിഞ്ഞ ഡിസംബറില്‍ വിരമിക്കേണ്ടിയിരുന്നെങ്കിലും ജൂലായ്‌ അവസാനം വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. തുടര്‍ന്നാണ്‌ ഏറെ സുപ്രധാനമായ പുതിയ ദൗത്യം നിരുപമയെ തേടിയെത്തിയത്‌. നേരത്തെ വിവിധ വകുപ്പുകളില്‍ പ്രമുഖ സ്ഥാനങ്ങള്‍ നിരുപമ വഹിച്ചിട്ടുണ്ട്‌. ഹിലാരി ക്ലിന്റണിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നയതന്ത്ര ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ്‌ യു.എസ്‌ സ്ഥാനപതിയായുള്ള നിരുപമാ റാവുവിന്റെ നിയമനം. നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായിരുന്നു. വാഷിംഗ്‌ടണില്‍ നയതന്ത്രമേഖലയില്‍ ജൂനിയറായും സേവനമനുഷ്ഠിച്ചിരുന്നു.