ഹോം » കേരളം » 

ആ നിയോഗത്തിലേക്ക് യദുകൃഷ്ണ

October 10, 2017

തിരുവല്ല: പമ്പയും മണിമലയാറും സംഗമിക്കുന്ന തിരുവല്ല കടപ്രയിലെ കീച്ചേരിവാല്‍ക്കടവ് മണപ്പുറം ശിവക്ഷേത്രഭൂമി മറ്റൊരു ചരിത്രത്തിന് കൂടി സാക്ഷിയായി. ആര്‍ജ്ജിത ബ്രാഹ്മണ്യത്താല്‍ വൈദിക കര്‍മ്മത്തിലേക്ക് കടന്ന പട്ടികജാതി വിഭാഗക്കാരനായ യദുകൃഷ്ണയെ നാട്ടുകാരും ഹൈന്ദവ നവോത്ഥാന സംഘടനകളും ദേവസ്വം അധികൃതരും ചേര്‍ന്ന് പൂര്‍ണകുഭം നല്‍കി സ്വീകരിച്ചു.

ഇതോടെ ഇദ്ദേഹം ദേവസ്വം ബോര്‍ഡിലെ വൈദികന്‍ എന്ന നിയോഗത്തിലേക്ക് കടന്നു.
പുലയ സമുദായത്തില്‍ ജനിച്ചു വളര്‍ന്ന് താന്ത്രിക വിദ്യകള്‍ അഭ്യസിച്ച യദുകൃഷ്ണ തൃശൂര്‍ ജില്ലയിലെ കൊരട്ടി നാലുകെട്ടില്‍ പുലിക്കുന്നത്ത് പി.കെ. രവിയുടെയും ലീലയുടെയും മകനാണ്. 22 കാരനായ ഇദ്ദേഹം ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ നാലാം റാങ്കുകാരനാണ്.

പുരാതനമായ മണപ്പുറം ശിവക്ഷേത്രത്തില്‍ സാധകനാകാന്‍ ലഭിച്ചത് ഭാഗ്യമാണെന്ന് യദുകൃഷ്ണ പറഞ്ഞു. യദുകൃഷ്ണ 12-ാം വയസ്സ് മുതല്‍ വടക്കന്‍പറവൂര്‍ മൂത്തകുന്നം ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിലെ വിദ്യാര്‍ഥിയാണ്. കെ.കെ. അനിരുദ്ധന്‍ തന്ത്രിയാണ് ഗുരു. വിദ്യാപീഠത്തിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തിയിട്ടുണ്ട്. സഹപാഠിയായ മനോജ് പെരുമ്പാവൂര്‍ അറയ്ക്കപ്പടി ശിവക്ഷേത്രത്തില്‍ നിയമനം ലഭിച്ച് രണ്ടു ദിവസം മുന്‍പ് ചുമതലയേറ്റു. ഇദ്ദേഹം വേട്ടുവ സമുദായത്തില്‍പെട്ടതാണ്. കൊടുങ്ങല്ലൂര്‍ വിദ്വല്‍പീഠത്തില്‍ സംസ്‌കൃതം എംഎ അവസാനവര്‍ഷ വിദ്യാര്‍ഥി കൂടിയാണ് യദുകൃഷ്ണ.

ആര്‍എസ്എസ് വിഭാഗ് കാര്യകാര്യസദസ്യന്‍ ജി. വിനു, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രഭാകരന്‍, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അശോകന്‍ പെരുമ്പള്ളത്ത,് സെക്രട്ടറി കെ.കെ. ശ്രീകുമാര്‍, ഹൈന്ദവ സംഘടനാ ഭാരവാഹികളായ വിജയകുമാര്‍, സുരേഷ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Related News from Archive
Editor's Pick