ഹോം » പ്രാദേശികം » പത്തനംതിട്ട » 

റവന്യുജില്ലാ സ്‌കൂള്‍ കായികമേള നാളെ മുതല്‍ 14വരെ അടൂരില്‍

October 11, 2017

പത്തനംതിട്ട: റവന്യുജില്ലാ സ്‌കൂള്‍ കായികമേള നാളെ മുതല്‍ 14വരെ അടൂര്‍ വടക്കടത്തുകാവ് പോലീസ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11 ഉപജില്ലകളില്‍ നിന്നും സ്‌പോര്‍ട്‌സ് സ്‌കൂള്‍, എന്‍സിസി, എസ്പിസി വിഭാഗങ്ങളിലുമായി 4300 കുട്ടികള്‍ കായികമേളയില്‍ പങ്കെടുക്കും.
നാളെ രാവിലെ 9.15ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാ രാജന്‍ പതാക ഉയര്‍ത്തും. 10ന് കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി കായികമേള ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍ മുഖ്യസന്ദേശം നല്‍കും.
14ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. അനിത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ബി. സതികുമാരി സമ്മാനദാനം നിര്‍വഹിക്കും.
110 ഇനങ്ങളിലാണ് മത്സരങ്ങള്‍. ആദ്യദിനത്തില്‍ 49 ഇനങ്ങള്‍ നടക്കും. കായികമേളയില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ഥം വടക്കടത്തുകാവില്‍ നിന്നും പറക്കോടു നിന്നും ഗ്രൗണ്ടിലേക്ക് വാഹനസൗകര്യം ക്രമീകരിക്കും. ഇതു രണ്ടാംതവണയാണ് പോലീസ് ക്യാമ്പ് ഗ്രൗണ്ട് ജില്ലാ കായികമേളയ്ക്കു വേദിയാകുന്നത്. ജില്ലാ മേളയില്‍ നിന്നു സംസ്ഥാനതല മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കായികതാരങ്ങള്‍ക്കു തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രത്യേക പരിശീലനത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍, ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി സി. ലക്ഷ്മണന്‍, വിവിധ കമ്മിറ്റി ഭാരവാഹികലായ സജി അലക്‌സാണ്ടര്‍, വി.എന്‍. സദാശിവന്‍ പിള്ള, വില്‍സണ്‍ തുണ്ടിയത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick