ഉണ്ണികുളത്ത് സംഘര്‍ഷത്തിന് സിപിഎം ശ്രമം

Wednesday 11 October 2017 10:05 pm IST

ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തില്‍ സമാധാനം തകര്‍ക്കാന്‍ സിപിഎം ശ്രമം. കാപ്പിയില്‍ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം അഞ്ച് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് അഴിഞ്ഞാടി. കാപ്പിയില്‍ അമ്പലപറമ്പില്‍ രാഹുല്‍, കാപ്പിയില്‍ അഭിലാഷ്, കാപ്പിയില്‍ സജില്‍ കൃഷ്ണ, അരീക്കുഴിയില്‍ വിഷ്ണുരാജ്, പൊയിലേടത്ത് കുന്നുമ്മല്‍ അനുരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വട്ടോളി ബസാറില്‍ ചെഗുവേര ദിനം പരിപാടികഴിഞ്ഞ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘമാണ് അങ്ങാടിയിലുണ്ടായിരുന്നവരെ അക്രമിച്ചത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തിയ അനുരാജിനെ കടയില്‍ നിന്നും പിടിച്ച് റോഡിലിട്ടാണ് അക്രമിച്ചത്. ബിജെപിയുടെ കൊടിമരവും ജനരക്ഷായാത്രയുടെ ബോര്‍ഡും ഡിവൈഎഫ്‌ഐക്കാര്‍ നേരത്തെ നശിപ്പിച്ചിരുന്നു. കരിയാത്തന്‍കാവിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഡിവൈഎഫ്‌ഐക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ജനരക്ഷായാത്രയ്ക്ക് വേണ്ടി പ്രദേശത്ത് സജീവ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ പോലീസില്‍ കള്ളപരാതി നല്‍കി കേസെടുപ്പിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ബാലുശ്ശേരിയെ വീണ്ടും അശാന്തിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സമാധാനം തകര്‍ക്കാനുള്ള നീക്കത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും ബിജെപി മണ്ഡലം സമിതി ആവശ്യപ്പെട്ടു. സംഭവത്തില്‍ യുവമോര്‍ച്ച നിയോജകമണ്ഡലം സമിതിയും ബിജെപി ഉണ്ണികുളം പഞ്ചായത്ത് സമിതിയും പ്രതിഷേധിച്ചു. ജനരക്ഷായാത്രയിലെ കോഴിക്കോട്ടെ ജനപങ്കാളിത്തം സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്.