ഹോം » പ്രാദേശികം » മലപ്പുറം » 

അയല്‍വാസിയെ കൊലപ്പെടുത്തിയ കേസ്; പിതാവിനും മകനും ജീവപര്യന്തം

October 12, 2017

മഞ്ചേരി: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 25000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. ഇരുമ്പുഴി വടക്കുംമുറി പറമ്പന്‍ കടന്നന്‍ കണ്ടത്തില്‍ ഫൈസല്‍ (30) പിതാവ് മൊയ്തീന്‍കുട്ടി (70) എന്നിവരെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവ് 25000 രൂപ വീതം പിഴ, 201 വകുപ്പ് പ്രകാരം തെളിവു നശിപ്പിച്ചതിന് മൂന്നു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
ഇരുമ്പുഴി വടക്കുമുറി ഒസ്സാന്‍പാലം പന്തലാന്‍പറമ്പ് വല്ലാഞ്ചിറ മമ്മദിന്റെ മകന്‍ മുഹമ്മദലി(37)യാണ് കൊല്ലപ്പെട്ടത്. 2011 ജനുവരി 7നാണ് കേസിന്നാസ്പദമായ സംഭവം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരായ കുടുംബങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. സംഭവദിവസം പ്രതി മൊയ്തീന്‍കുട്ടി കൊല്ലപ്പെട്ട മുഹമ്മദലിയുടെ പിതാവ് മമ്മദിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു.
ഇത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം വൈകീട്ട് 6.30ന് ഒസ്സാന്‍ പാലത്തുവെച്ച് പ്രതികള്‍ അരിവാള്‍ കത്തി കൊണ്ട് മുഹമ്മദലിയെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ സഹോദരങ്ങള്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് ആറര മണിയോടെ മരണപ്പെടുകയായിരുന്നു.
26 സാക്ഷികളില്‍ 14 പേരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി പി അജിത്ത് കോടതിമുമ്പാകെ വിസ്തരിച്ചു.

Related News from Archive
Editor's Pick