ഹോം » പ്രാദേശികം » കൊല്ലം » 

സ്പാര്‍ക്ക് പണിമുടക്കുന്നു: ജീവനക്കാര്‍ വലയുന്നു

October 12, 2017

കൊല്ലം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിവരങ്ങള്‍ തയാറാക്കുന്നതിനായുള്ള സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ പണിമുടക്കുന്നത് മൂലം ജീവനക്കാര്‍ വലയുന്നു. പ്രോഗ്രാം തകരാറാണ് കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം.
2014 ഏപ്രിലില്‍ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക ഒന്നാം ഗഡു 2017 ഏപ്രിലില്‍ അനുവദിച്ചിരുന്നു. എന്നാല്‍ വളരെയധികം ഓഫീസുകളില്‍ ഈ തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രോഗ്രാം തകരാര്‍ മൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ ഡ്രായിങ് ഓഫീസറുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവരെയും തുക നിക്ഷേപിക്കാത്ത ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ശമ്പളത്തില്‍ നിന്നും തുക പിടിക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. രണ്ടാം ഗഡു ഇപ്പോള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ജില്ലയില്‍ തന്നെ നൂറോളം ഓഫീസുകളില്‍ ഒന്നാം ഗഡു തുക പിഎഫിലേക്ക് മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്താകെ ഇത് ആയിരത്തോളമാകും. സ്പാര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാസര്‍ഗോഡ് മുതലുള്ള ഓഫീസര്‍മാര്‍ തിരുവനന്തപുരത്ത് നിത്യവും കയറിയിറങ്ങുകയാണ്. 8.7 ശതമാനം വാര്‍ഷിക പലിശയും ജീവനക്കാര്‍ക്ക് ഇതുമൂലം നഷ്ടപ്പെടുന്നുണ്ട്.
സെര്‍വറിന്റെ കാര്യശേഷി വര്‍ദ്ധിപ്പിക്കാത്തതിനാല്‍ ബില്‍ എടുക്കാനും ഏറെ താമസമെടുക്കുന്നുണ്ട്. ഓണസമയത്ത് കൂട്ടത്തോടെ ബില്ലുകള്‍ വന്നത് സെര്‍വര്‍ തകാറാറിലുമാക്കി. മാത്രമല്ല സോഫ്റ്റ്‌വെയര്‍ അപ്‌ലോഡേഷന്റെ പേരില്‍ കഴിഞ്ഞ മാസത്തെ ശമ്പളവും സര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നു.

Related News from Archive
Editor's Pick