ഹോം » കേരളം » 

കേരളത്തില്‍ ജിഹാദി ഭീകരതയുണ്ടോ? ഇതാ, ജീവിക്കുന്ന ഉത്തരം

വെബ് ഡെസ്‌ക്
October 13, 2017
ജനരക്ഷാ യാത്ര

ഭീകരതയുടെ വിരല്‍പ്പാടുകള്‍… ഇസ്ലാമിക ഭീകരര്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളേജ് മുന്‍ അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചപ്പോള്‍

മൂവാറ്റുപുഴ: ചലനശേഷി കുറഞ്ഞ ആ കൈപ്പത്തിയില്‍ തൊട്ടപ്പോള്‍ ജോസഫ്‌സാറിന്റെ കണ്ണുകള്‍ നിറഞ്ഞു. ഏഴു വര്‍ഷങ്ങള്‍ മുമ്പുള്ള ഒരു പ്രഭാതത്തിലേക്ക് ഓര്‍മ്മകള്‍ പോയി. അന്നാണ്, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ, ജോസഫ്‌സാറിന്റെ കൈപ്പത്തി ജിഹാദി ഭീകരര്‍ വെട്ടിമാറ്റിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആ കൈകളില്‍ പിടിച്ചപ്പോള്‍ അദ്ദഹത്തിന്റെ മുഖത്ത് ആശ്വാസം. ജോസഫ് സാറിനോട് കുമ്മനം പറയാതെ പറഞ്ഞു, ”ഞങ്ങള്‍ ഒപ്പമുണ്ട്….രാജ്യം മുഴുവന്‍ കൂടെയുണ്ട്…”. കേരളത്തില്‍ ജിഹാദി ഭീകരത ഇല്ലെന്നു പറയുന്നവരോട് കുമ്മനം ചൂണ്ടിക്കാട്ടിയ ജീവിക്കുന്ന ഉദാഹരണമായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജ് മുന്‍അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിന്റെ ജീവിതം.

ജിഹാദി-ചുവപ്പുഭീകരതക്കെതിരെ ജനരക്ഷാ യാത്ര നയിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍ ഇന്നലെ പ്രൊഫ. ജോസഫിന്റെ വീട്ടിലെത്തി. ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന പേര് ചേര്‍ത്തതിന്റെ പേരില്‍ ഇസ്ലാമിക ഭീകരവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി. ജെ. ജോസഫിന് സര്‍ക്കാരും ഇപ്പോള്‍ നല്‍കുന്നത് പീഡനമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അര്‍ഹതപ്പെട്ട ചികിത്സാ സഹായം നല്‍കാതെയാണ് സര്‍ക്കാര്‍ അദ്ദേഹത്തോട് പ്രതികാരം ചെയ്യുന്നത്, കുമ്മനം പറഞ്ഞു.

ഭീകരര്‍ താലിബാന്‍ മോഡല്‍ ആക്രമണം നടത്തിയപ്പോള്‍ ശരീരത്തിനാണ് മുറിവേറ്റതെങ്കില്‍ ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ മനസ്സിനെ മാരകമായി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രൊഫ ജോസഫ്.

2010 ജൂണ്‍ നാലിനാണ് ജോസഫിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിച്ചത്. പള്ളിയില്‍ പോയി മടങ്ങിവരും നേരം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടുകയായിരുന്നു. ജീവിതം തകര്‍ന്ന ജോസഫിനെ കോളേജധികൃതരും സര്‍ക്കാരും കൈവിട്ടു. പിന്നീട് ജീവിതത്തില്‍ ദുരന്തങ്ങള്‍ നിരവധിയുണ്ടായി. ഭാര്യ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തു.

തന്റെ ദുരവസ്ഥ ബിജെപി നേതാക്കളോട് ജോസഫ് പറഞ്ഞത് നിറകണ്ണുകളോടെയാണ്. സംഭവം നടന്ന് ഏഴ് വര്‍ഷമായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേടാണെന്ന് കുമ്മനം പറഞ്ഞു. വൈക്കത്തെ അഖിലയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതും ഇതേ ശക്തികളാണ്. കൈവെട്ടിമാറ്റിയതിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് അഖിലയെ മതംമാറ്റി വിവാഹം കഴിക്കാന്‍ ശ്രമിച്ച ഷഫീന്‍ ജഹാന്‍. കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞു. ജോസഫിന് അര്‍ഹതപ്പെട്ട ചികിത്സാ സഹായം ഇതുവരെ നല്‍കാത്ത സര്‍ക്കാര്‍ നടപടി ക്രൂരമാണ്. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നതിന്റെ തെളിവാണിതെന്നും കുമ്മനം പറഞ്ഞു.

ബിജെപി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി ഡോ.അനില്‍ ജെയ്ന്‍, ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, പി.ജെ. തോമസ്, ശങ്കരന്‍കുട്ടി എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick