ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

പെയര്‍ ട്രോളിംഗില്‍ കുരുങ്ങി മത്സ്യബന്ധനം

October 12, 2017

തൃശൂര്‍: അശാസ്ത്രീയമായ മത്സ്യബന്ധനം സജീവമായതോടെ തീരമേഖല വറുതിയിലേക്ക്. വലിയ ബോട്ടുകളില്‍ വലകെട്ടി വലിച്ചുകൊണ്ടുള്ള മത്സ്യബന്ധനം വ്യാപകമായതോടെയാണ് മത്സ്യബന്ധന മേഖല തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്. അനധികൃത മത്സ്യബന്ധനം തളര്‍ത്തിയിരിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്.
ആവശ്യത്തിന് മത്സ്യം ലഭിക്കാതെ വന്നതോടെ പല വള്ളങ്ങളില്‍ നിന്നും തൊഴിലാളികളെ പിരിച്ചു വിടുകയാണ്. ഇതോടെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്.
തുശ്ചമായ ശമ്പളത്തില്‍ വള്ളങ്ങളില്‍ ജോലിചെയ്യാന്‍ അന്യസംസ്ഥാന തൊഴിലാളികളും എത്തിയതോടെ വള്ളം ഉടമകള്‍ തദ്ദേശ തൊഴിലാളികളെ ഒഴിവാക്കി തമിഴ്‌നാട്, ആന്ധ്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ മത്സ്യബന്ധനത്തിനായി നിയമിക്കുകയാണ്.
നിരോധിത വലകളും വലിയ ബോട്ടുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം സജീവമായതോടെ പരമ്പരാഗത തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ മടിക്കുകയാണ്.
പലപ്പോഴും എണ്ണക്കാശിനുള്ള പണം പോലും ലഭിക്കാറില്ലന്ന് തൊഴിലാളികള്‍ പറയുന്നു. അഞ്ചുമുതല്‍ 15 തൊഴിലാളികള്‍ വരെ ചെറിയ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാറുണ്ട്. എന്നാല്‍ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ പലരും മത്സ്യബന്ധനം ഉപേഷിച്ച് മറ്റ് തൊഴിലുകള്‍ തേടിപ്പോവുകയാണ്.
തീരത്തോട് ചേര്‍ന്നുവരെ അനധികൃതമായിട്ടുള്ള മത്സ്യബന്ധനം നടക്കുകയാണ്. വലിയ ബോട്ടുകള്‍ നിശ്ചിത അകലത്തില്‍ ഇട്ടശേഷം വലകള്‍ വിരിക്കുകയും വലയുടെ ഇരുഭാഗങ്ങളും ബോട്ടില്‍ കെട്ടിയ ശേഷം ബോട്ട് വലിച്ചുകൊണ്ട് പോവുകയുമാണ് ചെയ്യുന്നത്. കടലിന്റെ അടിത്തുവരെ എത്തുന്ന തരത്തിലുള്ള ചെറിയ കണ്ണി വലകള്‍ ഉപയോഗിക്കുന്നതിനാല്‍ ജലസസ്യങ്ങളും മത്സ്യക്കുഞ്ഞുങ്ങളും മുട്ടകളും വരെ വലയില്‍ കുടുങ്ങി നശിക്കുകയാണ് ചെയ്യുന്നത്.
ആദ്യം തമിഴ്‌നാട്ടില്‍ നിന്ന് എത്തിയിരുന്ന മത്സ്യബന്ധന ബോട്ടുകളാണ് ഇത്തരത്തിലുള്ള അനധികൃത മത്സ്യ ബന്ധനം നടത്തിയിരുന്നത്. ക്രമേണ കേരളത്തിലും ഇത് ആരംഭിക്കുകയായിരുന്നു. വളരെ വേഗത്തില്‍ ആവശ്യത്തിന് മത്സ്യം പിടിക്കാന്‍ സാധിക്കുമെന്നതാണ് തൊഴിലാളികളെ ഇതിലേക്ക് ആകര്‍ഷിപ്പിക്കുന്ന ഘടകം.
ജില്ലയുടെ തീരമേഖലകളായ ചാവക്കാട്, കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി, മുനമ്പം തുടങ്ങിയ പ്രദേശങ്ങളിലെ തീരത്തോട് ചേര്‍ന്നും പുറത്ത് നിന്ന് എത്തുന്ന ബോട്ടുകള്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. അനധികൃത മത്സ്യബന്ധനം തടയുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick