ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

നഗരത്തില്‍ മോഷണസംഘം സജീവം

October 12, 2017

തൃശൂര്‍: ബസുകളും നഗരത്തിലെ തിരക്കുള്ള ബസുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം ജില്ലയില്‍ സജീവം. പണവും ആഭരണങ്ങളും ഞൊടിയിടയില്‍ അപഹരിക്കുന്നതിന് വേണ്ടി വിദഗ്ധ പരിശീലനം ലഭിച്ച അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് മോഷണങ്ങള്‍ക്ക് പിന്നില്‍. തിരക്കുള്ള ബസുകളില്‍ കുട്ടികളുമായി എത്തുന്ന സ്ത്രീകള്‍ സഹയാത്രക്കാരായ സ്ത്രീകളുമായി വളരെ വേഗം സൗഹൃദം സ്ഥാപിക്കും. ഇതിന് ശേഷമാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും കവരുന്നത്. പേഴ്‌സ് അടക്കമുള്ള ബാഗുമായി കടന്നുകളയുന്നതാണ് ഇത്തരക്കാരുടെ രീതി. സ്വര്‍ണ്ണാഭരണങ്ങളില്‍ അധികവും മോഷണം പോകുന്നത് മാലയാണ്. നല്ല രീതിയില്‍ മലയാളം സംസാരിക്കുന്ന ഇവര്‍ സഹയാത്രക്കാരുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കും. മോഷണം നടത്തിക്കഴിഞ്ഞാല്‍ വേഗം ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുന്നതാണ് പതിവ്. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തിയ മുതല്‍ സംഘത്തിലെ മറ്റുള്ളവരുടെ കൈയ്യില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. ബസില്‍ നിന്ന് മോഷണം നടത്തിയാല്‍ അതേ ബസില്‍ യാത്ര ചെയ്യുന്ന സംഘത്തിലെ മറ്റൊരാടെ കൈയ്യില്‍ ഏല്‍പ്പിക്കും. ഇയാള്‍ ഇതുമായി ബസില്‍ നിന്ന് രക്ഷപ്പെടും. അതിനാല്‍ തന്നെ മോഷണം നടത്തിയ വിവരം പോലീസില്‍ അറിയിച്ചാലും പ്രതികളെ പിടികൂടാന്‍ സാധിക്കാറില്ല.
ഇത്തരത്തില്‍ ജില്ലയിലെ പല ഭാഗങ്ങളിലും മോഷണം നടന്നതിന്റെ നിരവധി പരാതികളാണ് ഉയരുന്നത്. പലപ്പോഴും ബസുകള്‍ നേരിട്ട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്ന സംഭവങ്ങളും ഉണ്ട്. എന്നാല്‍ വാഹനം അരിച്ച് പെറുക്കിയാലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. മോഷണ സംഘങ്ങള്‍ പിന്നില്‍ അന്യസംസ്ഥാന ലോബികളാണ് പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ തിരക്കുള്ള പ്രദേശങ്ങളിലും ബസ് സ്റ്റാന്റുകളിലും പോലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick