ഹോം » പൊതുവാര്‍ത്ത » കത്തുകള്‍

മറച്ചുവയ്ക്കപ്പെടുന്ന സിപിഎം മുഖം

October 16, 2017

കെ.ആര്‍. ഉമാകാന്തന്‍ എഴുതിയ ‘സിപിഎം നേതൃത്വം വിചാരിച്ചിരുന്നെങ്കില്‍…’ എന്ന ലേഖനം മുന്നോട്ടുവയ്ക്കുന്ന വസ്തുതകളും വാദഗതികളും സമകാലീന കേരള രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തമാണ്. സംഘപരിവാറിനെ ന്യൂനപക്ഷവിരുദ്ധരായി ചിത്രീകരിച്ച് രാഷ്ട്രീയനേട്ടത്തിനു ശ്രമിക്കുന്ന സിപിഎമ്മിനെ ലേഖനത്തില്‍ തുറന്നുകാണിക്കുന്നുണ്ട്.

1971 ലെ തലശ്ശേരി കലാപത്തിന് വഴിതെളിച്ചത് സിപിഎമ്മാണെന്ന് കലാപത്തെക്കുറിച്ച് അന്വേഷിച്ച വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് സിപിഎം പൊതുവെ മൗനം പാലിക്കുകയാണ് പതിവ്. പാര്‍ട്ടി നേതാവായ എ. കണാരനെ ആക്രമിച്ചുവെന്നാരോപിച്ച് നാദാപുരത്തും സിപിഎം മുസ്ലിങ്ങള്‍ക്കെതിരെ കലാപം സൃഷ്ടിക്കുകയുണ്ടായി.

കണ്ണൂര്‍ തലശ്ശേരിയില്‍ 2006-ല്‍ മുഹമ്മദ് ഫസലിനെയും, 2012-ല്‍ അരിയില്‍ ഷുക്കൂറിനെയും പ്രാകൃതമായ രീതിയില്‍ കൊലചെയ്തത് സിപിഎമ്മുകാരായിരുന്നു. സിബിഐ അന്വേഷിക്കുന്ന ഷുക്കൂര്‍ കേസില്‍ സിപിഎം നേതാവ് പി. ജയരാജനും, ഫസല്‍ കേസില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരും പ്രതികളാണ്. ഭീകരമായ ഈ ചിത്രം മറച്ചുപിടിച്ചുകൊണ്ടാണ് സംഘപരിവാറിനെ ന്യൂനപക്ഷവിരുദ്ധരായി സിപിഎം മുദ്രകുത്തുന്നത്. ഈ കാപട്യം കൂടുതല്‍ തുറന്നുകാണിക്കേണ്ടതുണ്ട്.

മുസ്ലിംജനസാമാന്യത്തിന്റെ പൊതുവായ താല്‍പ്പര്യം കണക്കിലെടുക്കാതെ മതതീവ്രവാദികളെ പിന്തുണച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും സിപിഎമ്മും എക്കാലവും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍നിന്ന് നേട്ടമുണ്ടാക്കുന്നത് എപ്പോഴും മതതീവ്രവാദികളായിരിക്കും. ചരിത്രപരമായി തന്നെ അത് അങ്ങനെയാണ്.

സിറിയ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ അനുഭവം ഇതിന് തെളിവാണ്. ഏറ്റവുമൊടുവില്‍ ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ വേങ്ങര ഉപതെരഞ്ഞെടുപ്പിലും മതതീവ്രവാദികള്‍ക്ക് മേല്‍ക്കയ്യുണ്ടാക്കിക്കൊടുത്തത് സിപിഎമ്മും ഇടതുമുന്നണിയുമാണ്.

മുസ്ലിം സംരക്ഷകര്‍ ചമഞ്ഞ് മതതീവ്രവാദ രാഷ്ട്രീയത്തിന് ശക്തിപകരുന്ന ആപല്‍ക്കരമായ ഇടതുപക്ഷ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഉമാകാന്തന്റെ ലേഖനം അടിവരയിടുന്നത്.

സി. വി. വാസുദേവന്‍, ഇടപ്പള്ളി, എറണാകുളം

 

Related News from Archive
Editor's Pick