ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം: പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തി

October 16, 2017

കണ്ണൂര്‍: വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്നലെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. സ്വകാര്യ ബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ലെങ്കിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ പലയിടത്തും സര്‍വ്വീസ് നടത്തി. വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ തടഞ്ഞു. പല സ്ഥലങ്ങളിലും യാത്രക്കാരും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടകമ്പോളങ്ങള്‍ പതിവു പോലെ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മിക്കയിടത്തും നിരത്തിലറങ്ങി. സര്‍ക്കാര്‍ ഓഫീസകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് ഹര്‍ത്താല്‍ ദിവസങ്ങളില്‍ നിന്നും വിത്യസ്തമായി നിരവധി ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായി. സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിച്ചു. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും തുറന്ന് പ്രവര്‍ത്തിച്ചു. കണ്ണൂര്‍ നഗരത്തിലും മറ്റും ഹോട്ടലുകള്‍ അടഞ്ഞു കിടന്നെങ്കിലും പൊതുജനം ക്യാന്റീനുകളെയും റെയില്‍വെ സ്‌റ്റേഷനിലെ ചായക്കടകളെയും ആശ്രയിച്ചു. ബ്ലഡ് ഡോണേര്‍സ് കേരളയുടെ നേൃത്വത്തില്‍ കണ്ണൂര്‍ നഗരത്തിലെത്തിയ ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്തവരെ ഹര്‍ത്താലനുകൂലികള്‍ ഇറക്കിവിട്ടത് പ്രതിഷേധത്തിന് കാരണമായി. ആശുപത്രിയില്‍നിന്നു തിരിച്ചെത്തുന്ന കുടുംബം ഉള്‍പ്പെടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. പ്ലാസയിലെ സിന്റിക്കേറ്റ് ബാങ്കില്‍ ജോലിക്കെത്തിയ ജീവനക്കാരെ ഹര്‍ത്തലനുകൂലികള്‍ തടഞ്ഞു. സൗത്ത് ബസാറില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് അല്‍പ്പസമയം സംഘര്‍ഷത്തിന് കാരണമായി .തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഹര്‍ത്താലനുകൂലികളെ ലാത്തിവീശി ഓടിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചിരുന്നു.
ഹര്‍ത്താല്‍ തലശ്ശേരിയിലും മാഹിയിലും ഭാഗികമായിരുന്നു. കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകള്‍ ഉള്‍പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും പലയിടത്തും തുറന്നു പ്രവര്‍ത്തിച്ചു.

 

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick