ഹോം » പ്രാദേശികം » കണ്ണൂര്‍ » 

അനധികൃത പന്നിഫാമുകള്‍ക്കെതിരെ പ്രതിഷേധം ശക്തം

October 16, 2017

ചെറുപുഴ: മലയോര മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാമുകള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ശുചിത്വരഹിതമായ സാഹചര്യത്തില്‍ ചെറുപുഴ ജോസ്ഗിരിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമിനെതിരേയാണ് നാട്ടുകാരുടെ പ്രതിഷേധം. ഫാമിലേക്ക് പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും വന്‍തോതില്‍ മാലിന്യങ്ങളെത്തിക്കുന്നുണ്ട്. പന്നികള്‍ക്ക് കൊടുത്തതിന്റെ ബാക്കി മാലിന്യങ്ങള്‍ അലക്ഷ്യമായി ഇടുകയാണ് ചെയ്യുന്നത്. ജോസ്ഗിരിയിലെ ടൂറിസ്റ്റ് കേന്ദ്രമായ തിരുനെറ്റിക്കല്ലിനു സമീപമാണ് പന്നിഫാം സ്ഥിതി ചെയ്യുന്നത്. ദൂരെനിന്നുതതന്നെ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടും. മാലിന്യങ്ങള്‍ ഒഴുകി സമീപത്തെ നീര്‍ച്ചാലുകളിലെത്തുകയും അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി ഇറങ്ങിയത്.
ചത്ത പന്നികളെപ്പോലും കുഴിച്ചുമൂടാന്‍ തയ്യാറാകാതെ ഫാമിനു സമീപത്തേക്കു തന്നെ വലിച്ചെറിയുകയാണ് ചെയ്യുന്നത്. തിരുമേനി സ്വദേശിയുടെ മറ്റൊരു ഫാമും ഇതിനു സമീപത്തായി ഉദയഗിരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത സ്വധീനമുള്ളവരാണ് ഈ ഫാമുകളുടെ ഉടമസ്ഥര്‍. ചത്ത പന്നിയുടെതടക്കമുള്ള ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തോ ആരോഗ്യവകുപ്പ് അധികൃതരോ തയ്യാറകുന്നില്ല. സമീപ വാസികള്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കിയാണ് ഫാമുടമകള്‍ ഫാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.
ജോസ്ഗിരി തിരുനെറ്റിയിലെ ഫാം ചെറുപുഴ പഞ്ചായത്തിലെ ഒരു പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ളതാണ്. നഗരങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ എടുക്കുവാന്‍ കരാറെടുത്തവരില്‍ നിന്നും മലയോരത്തെ പലരും മാലിന്യങ്ങള്‍ എടുക്കുന്നുണ്ടെന്നും ഇവയൊന്നും ശാസ്ത്രീയമായി സംസ്‌കരിക്കുന്നില്ലെന്നും വ്യാപകമായ പരാതിയാണ് ഉയരുന്നത്. നഗരമാലിന്യങ്ങള്‍ തള്ളാനുള്ള കേന്ദ്രങ്ങളായി മലയോരഗ്രാമങ്ങള്‍ മാറുന്നതിനെതിരേ ചില യുവജന സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിന് തയ്യാറടുക്കുകയാണ്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick