ഹോം » ഭാരതം » 

സിപിഎമ്മിന് ജനാധിപത്യത്തില്‍ വിശ്വാസമില്ല: സരോജ്

പ്രിന്റ്‌ എഡിഷന്‍  ·  October 17, 2017

കേരളത്തിലെ ഇടത് അക്രമങ്ങള്‍ക്കെതിരെ ന്യൂദല്‍ഹിയിലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ റാലി

ന്യൂദല്‍ഹി: സിപിഎമ്മിന് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും അക്രമം മാത്രമാണ് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കാഴ്ചവെച്ചിട്ടുള്ളതെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ കണ്ണുരുട്ടുകയാണ് സിപിഎം. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎം ഓര്‍ക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു. കേരളത്തിലെ ഇടത് അക്രമങ്ങള്‍ക്കെതിരെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിന് നേര്‍ക്ക് നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ.

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങള്‍ തുടരുന്ന കേരളത്തിലെയും ബംഗാളിലെയും സര്‍ക്കാരുകള്‍ 11 കോടി അംഗങ്ങളുള്ള ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപിയെന്ന് ഓര്‍ക്കണം. അക്രമം തുടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ സിപിഎം സംവിധാനം അധികം വൈകാതെ തകരുമെന്നും ബിജെപി വന്‍ശക്തിയായി മാറുമെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്. അക്രമത്തിലും കലാപത്തിലും മാത്രമാണ് ഇടതുസര്‍ക്കാര്‍ വിശ്വസിക്കുന്നത്. സംഘടന കെട്ടിപ്പടുക്കാന്‍ ബലിദാനം ചെയ്ത കേരളത്തിലെ വീരന്മാരായ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ഒരിക്കലും പാഴാകില്ലെന്നും തോമര്‍ പറഞ്ഞു.

മഹിളാമോര്‍ച്ച ദേശീയ നേതാക്കളും ബിജെപി ദല്‍ഹി ഘടകം നേതാക്കളും പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി. ജനരക്ഷാ മാര്‍ച്ചിന്റെ സമാപന ദിനമായ ഇന്നും സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടക്കും. ബിജെപി കേന്ദ്രഓഫീസിലേക്ക് സിപിഎമ്മും ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

 

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick